District News
പത്തനംതിട്ട: വേനൽ കടുക്കുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ തീപിടിത്ത മുന്നറിയിപ്പുകളുമായി അഗ്നിരക്ഷാ സേന. വരും ദിവസങ്ങളിൽ ചൂട് ഇനിയും കൂടാനാണ് സാധ്യത. 35 - 37 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില. ഉയർന്ന ഊഷ്മാവുള്ള വരണ്ട അന്തരീക്ഷാവസ്ഥയിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളും മാലിന്യങ്ങളും തീപിടിച്ച് പ്രാദേശികമായ അഗ്നി ബാധകൾക്ക് സാധ്യത വളരെ കൂടുതലാണ്.
പൊതുജനങ്ങൾക്ക് പരിശീലനവുമായി അഗ്നിരക്ഷാ സേന
പത്തനംതിട്ട: വിവിധങ്ങളായ രക്ഷാപ്രവർത്തനങ്ങൾ, തീ അണയ്ക്കൽ, പ്രഥമ ശുശ്രൂഷ നൽകുന്ന വിധം എന്നിവയിൽ പൊതുജനങ്ങൾക്കായി അഗ്നിരക്ഷാ വകുപ്പ് പരിശീലനം നൽകിത്തുടങ്ങി. കേരള സിവിൽ ഡിഫൻസിന്റെ ഭാഗമായാണ് പരിശീലനം.18 വയസ് പൂർത്തിയായ ഏതൊരാൾക്കും കേരള സിവിൽ ഡിഫൻസിന്റെ ഭാഗമായി ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്.
ഇതിനായി ആളുകൾക്ക് തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ എത്തിയോ www.cd.kerala .gov.in എന്ന വെബ്സൈറ്റ് മുഖേനയോ പേര് രജിസ്റ്റർ ചെയ്യാനാകും. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 88 പേർ പുതുതായി പരിശീലനം നേടിയതായി ജില്ലാ ഫയർ ഓഫീസർ വിശി വിശ്വനാഥ് അറിയിച്ചു.
അൾട്രാ വയലറ്റ് വികിരണ തോത് മുന്നറിയിപ്പ്
അൾട്രാ വയലറ്റ് വികിരണ തോതുമായി ബന്ധപ്പെട്ട കോന്നിയിൽ മഞ്ഞ അലർട്ട് നൽകി. കഴിഞ്ഞ രണ്ടുദിവസങ്ങൾക്ക് യുവി സൂചിക ഏഴിലെത്തിയിരുന്നു. എട്ട് മുതൽ പത്തുവരെ മഞ്ഞ അലർട്ടാണ്. സംസ്ഥാനത്ത് കഴിഞ്ഞദിവസം യുവസൂചിക ഏഴ് രേഖപ്പെടുത്തിയത് കോന്നിക്കു പുറമേ മൂന്നാറിലാണ്.
രാവിലെ പത്തു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് അൾട്രാ വയലറ്റ് സൂചിക രേഖപ്പെടുത്തുന്നത്. ഈ സമയത്തു നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പകൽ സമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. പകൽ പുറത്തിറങ്ങുന്പോൾ തൊപ്പി, കുട,സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നത് ആശ്വാസം നൽകും. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കണം.
District News
പത്തനംതിട്ട: പതിനാലുകാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതി. കോന്നി മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ കുട്ടിയുടെ കൈയ്ക്കാണ് വളവുണ്ടായത്.
ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന് എസ്. തന്‍സീറിനാണ് ദുരവസ്ഥ. നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞതൻസീറിനെ കോന്നി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. കഴിഞ്ഞ രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കൈയ്ക്കു വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി. മെഡിക്കൽ കോളജിലെ ഓര്‍ത്തോപീഡിക് വിഭാഗം മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു.
പിഴവുണ്ടായിട്ടില്ലെന്ന് സൂപ്രണ്ട്
കോന്നി മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. കുട്ടികളുമായി ബന്ധപ്പെട്ട അപൂർവം കേസുകളിൽ ഇത്തരത്തിൽ സംഭവിക്കാം. ചികിത്സാ വേളയിലെ എക്സ്റേയിൽ അടക്കം കുഴപ്പമില്ലെന്നു കണ്ടെത്തിയിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചെയ്ത ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളജിലും ചെയ്യാമെന്ന് ഉറപ്പു നൽകിയിരുന്നു. പക്ഷേ കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു.
നഷ്ടപരിഹാരം നല്‍കണം
കോന്നി മെഡിക്കല്‍ കോളജില്‍ സര്‍ജറി നടത്തിയതിലുണ്ടായ ഗുരുതരമായ ചികിത്സാ പിഴവുമൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്ന തന്‍സീറിന്റെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുത്തു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഉദാസീനത കാണിച്ച ഡോക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ആവശ്യപ്പെട്ടു.
കോന്നി മെഡിക്കല്‍ കോളജ് മനുഷ്യരുടെ ജീവനെടുക്കുന്ന സ്ഥലമായി മാറി.
സ്വകാര്യ ആശുപത്രിയിലെ ചികിത്സ ചെലവ് താങ്ങാന്കഴിവില്ലാത്ത കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുന്നില്ലെങ്കില് വീണാ ജോര്‍ജ് സ്വന്തം ശമ്പളത്തില്‍ നിന്നു നല്‍കണമെന്ന് മധു ആവശ്യപ്പെട്ടു. ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന പിതാവിന് ചികില്‍സാ ചെലവ് താങ്ങാനുള്ള ശേഷിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
District News
പത്തനംതിട്ട: ആധുനികവത്കരണത്തിന്റെ ഭാഗമായി പോലീസ് സേനക്ക് സംസ്ഥാന സർക്കാർ അനുവദിച്ച 146 പുതിയ വാഹനങ്ങളിൽ നാലെണ്ണം പത്തനംതിട്ട ജില്ലാ പോലീസിനു ലഭിച്ചു.
രണ്ട് ഗൂർഖ വാഹനങ്ങൾ ഉൾപ്പെടെ നാലു വാഹനങ്ങളുടെയും ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ജില്ലാ പോലീസ് ഓഫീസ് വളപ്പിൽ നിർവഹിച്ചു.
ഹൈവേ പോലീസിനും കൺട്രോൾ റൂമിനും ഉൾപ്പെടെ പുതിയ വാഹനങ്ങൾ ലഭിക്കുന്നതോടെ പട്രോളിംഗ് കൂടുതൽ ശക്തമാകുമെന്നും ക്രമസമാധാന പ്രശ്നങ്ങളിലും റോഡപകടങ്ങളിലും ഉൾപ്പെടെ അവശ്യ സന്ദർഭങ്ങളിൽ പോലീസിന്റെ സഹായം വേഗത്തിൽ എത്തിക്കാനാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
District News
പത്തനംതിട്ട: വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ച് കടന്നയാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ മഞ്ഞിനിക്കര മേക്കാട് വീട്ടിൽ സ്റ്റെഫിൻ മാത്യു (21) ആണ് പിടിയിലായത്.
ഓമല്ലൂർ മഞ്ഞനിക്കര പുഷ്പാഞ്ജലി യിൽ സുമയുടെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടർ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കാണാതായത്. സുമയുടെ പരാതിയിൽ കേസെടുത്ത പത്തനംതിട്ട പോലീസ് സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ മോഷണം പോയ സ്കൂട്ടറുമായി സഞ്ചരിച്ചയാളെ തിരിച്ചറിഞ്ഞു.
അന്വേഷണത്തിനിടെ ചെങ്ങന്നൂരിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന സ്റ്റെഫിനെ പത്തനംതിട്ട പോലീസ് പിന്തുടർന്ന് പിടികൂടി. ഇയാൾ പത്തനംതിട്ട, തൃശൂർ സ്റ്റേഷനുകളിലെ സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
District News
പത്തനംതിട്ട: ജില്ലയ്ക്കു പുറത്തു നിന്നുള്ള സ്ഥാനാർഥികൾ വേണ്ടെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യം. അഞ്ച് സീറ്റുകളിലും ജില്ലയിൽ നിന്നുള്ള ആളുകൾ മത്സരിച്ചാൽ മതിയെന്നുമുളള ആവശ്യത്തെ ഭൂരിപക്ഷം നേതാക്കളും പിന്തുണച്ചു.
കേരള കോൺഗ്രസ് ജോസഫിൽ നിന്ന് തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നു. ആറന്മുളയിലടക്കം പുറമേ നിന്നുള്ളവരെ സ്ഥാനാർഥികളായി പരിഗണിക്കുന്ന സാഹചര്യത്തിലാണ് എക്സിക്യൂട്ടീവ് യോഗത്തിൽ ഒരുവിഭാഗം പ്രാദേശികവാദം ഉയർത്തിയത്.
എന്നാൽ ഇത്തരത്തിൽ ഒരു തീരുമാനവും ഡിസിസി യോഗത്തിൽ ഉണ്ടായിട്ടില്ലെന്നും ചർച്ചയ്ക്കിടെ പല ആവശ്യങ്ങളുയരാമെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
District News
റാന്നി പുതിയ ബൈപാസ്, പാലം നിര്‍മാണോദ്ഘാടനം
പത്തനംതിട്ട: ക്ഷേമ പെൻഷനായി ഇതേവരെ 50,000 കോടി രൂപ കേരളത്തിലെ ജനങ്ങൾക്ക് രണ്ടാം പിണറായി സർക്കാർ നൽകിയതായി മന്ത്രി കെ. എൻ. ബാലഗോപാൽ. റാന്നി പുതിയ ബൈപാസ് റോഡിന്റെയും പാലത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സർക്കാർ കാലാവധി പൂർത്തിയാകുമ്പോഴേക്കും 54,000 കോടി രൂപ ക്ഷേമപെൻഷനായി ജനങ്ങളുടെ കൈയിലെത്തും.
1900 കോടി രൂപ ശബരി റെയിൽ പദ്ധതിക്ക് അനുവദിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല തീർഥാടകർക്കും വിവിധ ജില്ലകൾക്കും ഗുണകരമായ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. റാന്നി പാലം മലയോര മേഖലയിലെ യാത്ര സൗകര്യം മെച്ചപ്പെടുത്തും. സർക്കാരിന്റെ ശരാശരി വാർഷിക ചെലവ് 1.72 കോടി കോടി രൂപയായി വർധിച്ചു. ഈ വർഷത്തോടെ രണ്ടു ലക്ഷം കോടി കടക്കും. ചെലവുകൾ വെട്ടിക്കുറയ്ക്കാതെ വരുമാനം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസന മുന്നേറ്റത്തിൽ സംസ്ഥാനം വലിയ കുതിപ്പിലാണെന്ന് മുഖ്യസന്ദേശത്തിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. അഞ്ചുവർഷം കൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബി എം ബിസി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ 64 ശതമാനം പൂർത്തിയാക്കി. കേരളത്തിന്റെ കാർഷിക, ടൂറിസം മേഖലയ്ക്ക് ഉണർവേകുന്ന മലയോര ഹൈവേ പദ്ധതി പുരോഗമിക്കുന്നു.
തുരങ്കപാത എന്ന സ്വപ്നത്തിലേക്ക് കടന്നു. 35000 കോടി രൂപ റോഡ് നവീകരണത്തിന് നൽകി. 150 പാലങ്ങൾ പൂർത്തിയാക്കി. കിഫ്ബിയിലൂടെ 528 പദ്ധതികൾക്ക് 46145 കോടി രൂപ പൊതുമരാമത്ത് നിർമാണത്തിന് ലഭിച്ചതായും മന്ത്രി അറിയിച്ചു. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി പുത്തൻപറമ്പിൽ, കെആര്‍എഫ്ബി എക്സിക്യുട്ടീവ് എൻജിനിയര്‍ സി. ബി. സുഭാഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി. എം. മര, ജോജോ കോവൂർ, ജോർജ് ഏബ്രഹാം, പ്രശാന്ത് മോളിക്കൽ, ഏബ്രഹാം കുളമട തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് - അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് ( 17 ) ആണ് മരിച്ചത്. മോഡൽ പരീക്ഷയ്ക്ക് ശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ വീട്ടിലെ അടുക്കളയുടെ കഴുക്കോലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
ആൺസുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചശേഷമാണ് അപർണ ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നോടെ വീട്ടിലെത്തിയ സുഹൃത്ത് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആൺസുഹൃത്ത് വായ്പൂര് സ്വദേശി ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ അപർണയ്ക്ക് വാങ്ങി നൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നതായി പറയുന്നു. തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ആത്മഹത്യ ചെയ്ത്. തിരുവല്ല പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
District News
പത്തനംതിട്ട: ജീവനക്കാരെ എങ്ങനെ ദ്രോഹിക്കാമെന്ന് ദിവസവും ഗവേഷണം നടത്തുന്ന ഗവൺമെന്റാണ് അധികാരത്തിലിരിക്കുന്നതെന്നും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഇത്രയധികം ദ്രോഹിച്ച ഒരു ഗവൺമെന്റ് കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ. എം. ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയുടെ ജില്ലാതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് എസ്. കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി. എസ്. വിനോദ് കുമാർ, ഉമാ ശങ്കർ, ബി. പ്രദീപ് കുമാർ, എ. പി. സുനിൽ, വി. പി. ബോബൻ,
കെ. പി. ജാഫർ, അനിൽ ബാബു, ഷിബു മണ്ണടി, ബിജു സാമുവൽ, ജി ജയകുമാർ, അൻവർ ഹുസൈൻ, ഐഎൻടിയുസി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അജിത്ത് മണ്ണിൽ, നാസർ തോണ്ടമണ്ണിൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കോന്നി: തമിഴ്നാട്, കേരള അതിര്‍ത്തി മേഖലയെ ബന്ധിപ്പിച്ച് തെങ്കാശി - പുനലൂര്‍ - കോന്നി - മണിമല - കുമളി - തേനി ദേശീയപാത വികസന സാധ്യതകള്‍ തേടുന്നു. നിലവില്‍ ഇതു വഴിയുള്ള പാത വികസിപ്പിച്ചും ബൈപാസുകള്‍ നിര്‍മിച്ചും പാത സാധ്യമാക്കാവുന്നതാണെന്ന് വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു.
പടിഞ്ഞാറന്ഘട്ട മലനിരകളുടെ അടിവാരത്തിലൂടെ ഏകദേശം 250 കിലോമീറ്റര്‍ നീളത്തില്‍ രൂപംകൊള്ളുന്ന ഈ പാത ദക്ഷിണ കേരളത്തിനും പടിഞ്ഞാറന്‍ തമിഴ്നാടിനും ഇടയില്‍ പുതിയ സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.തെങ്കാശിയില്‍ നിന്നും പുനലൂര്‍ വരെ ഏകദേശം 65 കിലോമീറ്ററാണുള്ളത്. പിന്നീട് പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലൂടെ മണിമല വരെ എത്താം.
183 എ ദേശീയപാതയും ശബരിമല പാതയും ഇതില്‍ തന്നെ കടന്നുപോകുന്നുണ്ട്. മണിമലയില്‍ നിന്നും പൊന്‍കുന്നത്തെത്തി കൊല്ലം - തേനി ദേശീയപാതയുടെ ഭാഗമായോ മൈലപ്രയില്‍ ഭരണിക്കാവ് - മുണ്ടക്കയം 183 എ ദേശീയ പാതയുടെ ഭാഗമായോ ചേര്‍ത്ത് അന്തര്‍ സംസ്ഥാന പാത പൂര്‍ത്തിയാക്കാനാകും. കേരളത്തിലൂടെ തമിഴ്നാട്ടിലെ രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ദേശീയ പാതയ്ക്ക് പ്രസക്തിയും ഏറും.
മണിമല വഴിയുള്ള പാതയാണെങ്കില്‍ 250 കിലോമീറ്ററായിരിക്കും ദൈര്‍ഘ്യം. കാടുകളും മലനിരകളും നദീതടങ്ങളും കടന്നുപോകുന്ന പാതയായതിനാല്‍ പരിസ്ഥിതി പഠനവും സുസ്ഥിര നിര്‍മാണ രീതികളും നിര്‍ണായകമാകും.
വ്യാപാര മേഖലയില്‍ മുന്നേറ്റം
കുമളി, തേനി മേഖല കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്. കുമളിക്ക് സമീപമുള്ള പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രവും തേനി കാര്‍ഷിക വിപണിയും നേരിട്ട് ബന്ധിപ്പിക്കപ്പെടുന്നതോടെ ഏലക്ക, മുളക്, തേയില എന്നിവയുടെ വിപണന സാധ്യതയും വര്‍ധിക്കും. കോന്നി, പുനലൂര്‍ മേഖലകളിലെ റബര്‍, കശുവണ്ടി ഉത്പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും ഒപ്പംചരക്ക് ഗതാഗത ചെലവ് കുറവ്, അതിര്‍ത്തി മേഖലയില്‍ ഗോഡൗണ്‍, വിപണി സമുച്ചയങ്ങള്‍ രൂപീകരണം സംസ്ഥാനാന്തര വ്യാപാര ഇടപാടുകള്‍ക്ക് വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
വിനോദസഞ്ചാര വളര്‍ച്ച
നിര്‍ദിഷ്ട പാതയിലൂടെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ബന്ധിപ്പിക്കപ്പെടുമെന്നതും പ്രധാന്യമുള്ള കാര്യമാണ് സമീപമുള്ള കുറ്റാലം, പുനലൂർ, കോന്നി ആനപരിപാലന കേന്ദ്രം, കുമളി, തേക്കടി വിനോദസഞ്ചാര മേഖല, തേനി ജില്ലയിലെ മലനിരകളും അണക്കെട്ട് പ്രദേശങ്ങളു ഇതിലൂടെ മലനിരകളെ ചുറ്റിയുള്ള ഏകീകൃത വിനോദസഞ്ചാര വളയം രൂപപ്പെടുകയും ഹോംസ്റ്റേ, റിസോര്‍ട്ട്, ചെറുകിട വ്യാപാര മേഖലകള്‍ വളരുകയും ചെയ്യും. ഇതിനൊപ്പം അതിര്‍ത്തി ഗ്രാമങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കും
വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളിലേക്കുള്ള യാത്രാസമയം കുറയും. ഗതാഗത സൗകര്യം മെച്ചപ്പെട്ടാല്‍ പ്രാദേശിക സമ്പദ്വ്യവസ്ഥ സജീവമാകും. പരിസ്ഥിതി സംരക്ഷണ മേഖലകളിലൂടെയും കടന്നു പോകുന്നതിനാല്‍ വനാനുമതികൾ, വന്യജീവി ഇടനാഴികളുടെ സംരക്ഷണം, മലനിരകളിലെ നിര്‍മാണ സങ്കീര്‍ണത എന്നിവ പ്രധാന വെല്ലുവിളികളാണ്. ചെലവ് വര്‍ധനയ്ക്കും കാലതാമസത്തിനും സാധ്യതയുണ്ട്.
എന്നിരുന്നാലും പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കിയാല്‍ വികസനവും സംരക്ഷണവും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കാനാകുമെന്നാണ് വിദഗ്ധര്അഭിപ്രായപ്പെടുന്നത്. പാത യാഥാര്‍ഥ്യമായാൽ, കേരള, തമിഴ്നാട് അതിര്‍ത്തി മേഖലയിലെ ഗതാഗത, വ്യാപാര, വിനോദസഞ്ചാര രംഗങ്ങളില്‍ വന്‍ മാറ്റം സൃഷ്ടിക്കാനാകും. മലനിരകളെ ആധാരമാക്കി ദക്ഷിണേന്ത്യയില്‍ രൂപംകൊള്ളുന്ന പുതിയ വികസനപാതയായി ഇത് മാറുമെന്ന പ്രതീക്ഷയും ശക്തമാണ്.
നിവേദനം നല്‍കും: ഗ്രീന്‍നഗര്‍ റസിഡന്റ്സ് അസോ.
കോന്നി: തെങ്കാശിയില്‍ നിന്നും പുനലൂര്‍ കോന്നി മണിമല കുമളി തേനി ദേശീയ പാത യാഥാര്‍ഥ്യമാക്കണമെന്ന് ഗ്രീന്‍നഗര്‍ റസിഡന്റ്സ് അസോസിയേഷന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാത യാഥാര്‍ഥ്യമായാല്‍ തെക്കന്‍ കേരളത്തിന്റെയും മധ്യ കേരളത്തിന്റെയും വിനോദ സഞ്ചാര വ്യവസായ സാധ്യതകള്‍ ഉയരും. ഒപ്പം ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന അന്യ സംസ്ഥാന തീര്‍ത്ഥാടകരുടെ സഞ്ചാരത്തിനും ഇത് ഗുണകരമാകും.
പാത കടന്നുപോകുന്ന ചെറിയ പട്ടണങ്ങളുടെ വികസനവും വേഗത്തിലാവും. സമാന്തര റോഡുകള്‍ ഉള്‍പ്പെടെ നിര്‍മിച്ച് നിലവിലുള്ള പാതകളെ വികസിപ്പിച്ചാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ വേഗത്തിലാക്കാന്‍ കഴിയും. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര ഗതാഗത മന്ത്രി, മുഖ്യമന്ത്രി, എംപിമാര്‍ എന്നിവര്‍ക്ക് അസോസിയേഷന് നിവേദനം നല്‍കും. ഇതിനൊപ്പം തെങ്കാശിയില്‍ നിന്നും മേക്കര, അച്ചന്‍കോവിൽ, കോന്നി, ചിറ്റാര്‍, ഗവി, വണ്ടിപ്പെരിയാർ, തേനി, കൊടൈക്കനാല്‍ പാതയും വികസന സാധ്യതകളേറെയുള്ളതാണ്.
അസോസിയേഷന് പ്രസിഡന്റ് രാജീസ് കൊട്ടാരം അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് എം.സി. രാധാകൃഷ്ണന് നായര്‍ പ്രമേയം അവതരിപ്പിച്ചു. ജഗീഷ് ബാബു, ബിജു ടി. അലക്സ്, റ്റി. ജോണ്സൺ, സജി മണലൂര്‍, ഡി. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
District News
തിരുവല്ല: ഉപദേശിക്കടവ് പാലം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളന ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയിലുള്ള കടപ്ര, പരുമല നിവാസികളുടെഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. പമ്പാനദിക്കു കുറുകെ പാലം പണിതതോടെ തിരുവല്ല - മാന്നാര്‍ റോഡിന് സമാന്തരമായ പാതയായും ഇതു മാറി. പദ്ധതിയുടെ കരാറുകാരനായ മാത്യു കോരയെയും പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകളെയും ആദരിക്കും.
2019 -20 സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ ഉപദേശിക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി 2019 ഡിസംബര്‍ ആറിന് 23.73 കോടിരൂപയുടെ ഭരണാനുമതിയും 2020 ജൂണ്‍ 15ന് സാങ്കേതികാനുമതിയും ലഭിച്ചു. പ്രവൃത്തി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാത്യു കോര എന്ന കരാറുകാരന് 2020 സെപ്റ്റംബറില്‍ കരാറില്‍ ഏര്‍പ്പെട്ട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു.
പമ്പാനദിക്കു കുറുകെ മൂന്നു സ്പാനുകളും ഇരുകരകളിലുമായി 10 ലാന്‍ഡ് സ്പാനുകളും ഉള്‍പ്പെടെ 206.4മീറ്റര്‍ നീളത്തിലും ഇരുവശങ്ങളിലെ 1.5മീറ്റര്‍ നടപ്പാത ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഉപദേശിക്കടവ് വരെയുള്ള അപ്രോച്ച് റോഡിന്റെ തുടര്‍ച്ചയായ 240 മീറ്റര്‍ ഗ്രാമീണ റോഡ് കൂടി ഉന്നത നിലവാരത്തില്‍ ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചിട്ടുണ്ട്.
അതിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥലവാസികള്‍ വിട്ടുനല്‍കിയതാണ്. ഇതിന്റെ തുടര്‍ച്ചയായി തിക്കപ്പുഴ വരെ ഉള്ള റോഡിന്റെ ബാക്കി ഭാഗം ഉന്നതനിലവാരത്തില്‍ നവീകരിക്കുന്നതിന് 10 കോടി രൂപ 2025- 26 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭരണാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലുമാണ്.
District News
മല്ലപ്പള്ളി: ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിൽ. ചാലാപ്പള്ളി താളിയാനിക്കല്‍ മണ്ണില്‍ മാത്യു ജോസഫ് (റെജി-43) ആണ് പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 20 വര്‍ഷമായി ഇയാളോടൊപ്പം താമസിക്കുന്ന ശോഭയെ (നിംഗമണി- 38) യാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് ആക്രമണം നടന്നത്. ചാലാപ്പള്ളിയിലുള്ള എടിഎമ്മില്‍ നിന്ന് പണം എടുത്ത ശേഷം ഇറങ്ങുകയായിരുന്ന ശോഭയെ സ്ഥലത്ത് ഒരു സ്കൂട്ടറിലെത്തിയ മാത്യു ഇടിച്ചു വീഴ്ത്തിയ ശേഷം അരിവാള്‍ ഉപയോഗിച്ച് മുതുകത്തും കഴുത്തിലും തലയ്ക്കും കൈയിലും മാറിമാറി വെട്ടുകയായിരുന്നു.
സംശയം മൂലമാണ് ശോഭയെ മാത്യു ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. ശോഭ കര്‍ണാടക സ്വദേശിയാണ്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പെരുമ്പെട്ടി എസ്എച്ച്ഒ സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ പ്രവീൺ, സന്തോഷ്, അഷ്ഫാക്ക് റഷീദ്, ജീസന്‍ എന്നിവരടങ്ങിയ സംഘമാണ് മാത്യുവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
District News
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളെ കവർന്നെടുക്കുന്ന ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബില്ല് പിൻവലിക്കണമെന്ന് ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനാധിപത്യവും ഫെഡറിലസവും കാറ്റിൽ പറത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കരിക്കുന്നതിന് കേന്ദ്ര സർക്കാർ നടത്തി വരുന്ന ശ്രമത്തിന്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ ബില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എസ്. ജ്യോത്സന അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം വിരമിച്ച കോളജ് അധ്യാപകരുടെ സംഘടനയായ ആൾ കേരള പ്രൈവറ്റ് കോളേജ് റിട്ടയേർഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. റ്റി. കെ. ജി. നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ.വിവേക് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. അനുമോദന സമ്മേളനം എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം പി. ബി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകരെ അനുമോദിച്ചു.
പ്രതിനിധി സമ്മേളനം എകെപിസിടിഎ സംസ്ഥാന ഐടി സെൽ കൺവീനർ ലിജിൻ പി. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർഎം.എസ്. ഉണ്ണി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എഫ്എസ്ഇറ്റിഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ, സംസ്ഥാന പ്രവർത്തകസമിതി അംഗം ഡോ.പി.സി. ലതാകുമാരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. വി.എസ്. പ്രവീൺകുമാർ, ഡോ.എസ്.കെ. മഹേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജിക്കു ജയിംസ്, ഡോ. വി.എസ്. അമ്പിളി, ഡോ. വി.കെ. ജയിംഷാ റാണി, ഡോ. വി.പ്രിയസേനൻ, ഡോ. ലിബൂസ് ജേക്കബ് ഏബ്രഹാം, ഡോ. രഞ്ജിത്ത് ജോസഫ്, ഡോ.എം. സിമി, എസ്. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എസ്. ജ്യോത്സന (എൻഎസ്എസ് കോളജ്, പന്തളം) - പ്രസിഡന്റ്, ഫെബു ജോർജ് (സെന്റ് തോമസ് കോളജ്, കോഴഞ്ചേരി) - വൈസ് പ്രസിഡന്റ്, റെയിസൺ സാം രാജു (മാർത്തോമ്മാ കോളജ്, തിരുവല്ല) - സെക്രട്ടറി, പി.വൈ. ജിനു (കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട) - ജോയിന്റ് സെക്രട്ടറി, എം.എസ്. ഉണ്ണി (ഡിബി കോളജ്, പരുമല) - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.
District News
അടൂർ: കെപി റോഡില്‍ മരിയ ആശുപത്രിക്ക് സമീപം രൂപപ്പെട്ട വലിയ ഗര്‍ത്തം താത്കാലികമായി പരിഹരിക്കാന്‍ സ്ഥാപിച്ച വീപ്പ ഇപ്പോള്‍ പുതിയ അപകടക്കെണിയായി മാറി. ഗര്‍ത്തവും വീപ്പയും ഒരേപോലെ അപകടാവസ്ഥ സൃഷ്ടിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു .
ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടഭീഷണി നിലനില്‍ക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പു ചെറിയ കുഴിയായി രൂപപ്പെട്ട ഭാഗം ഒരു ദിവസംകൊണ്ടു തന്നെ വലിയ ഗര്‍ത്തമായി മാറിയതായി സമീപ വ്യാപാരികള്‍ പറയുന്നു. ഗര്‍ത്തത്തില്‍ ചാടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചു.
എന്നാല്‍ സ്ഥിരപരിഹാരം കാണുന്നതിനുപകരം ഗര്‍ത്തത്തിന് മുകളില്‍ കല്ല് നിറച്ച വീപ്പ വച്ചു. രാത്രിയില്‍ പത്തനാപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഈ വീപ്പ പെട്ടെന്ന് കാണാന്‍ സാധിക്കാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ഒരു സ്കൂട്ടര്‍ വീപ്പയില്‍ ഇടിച്ച് അപകടമുണ്ടായി.
പൊതുമരാമത്ത് ഓഫീസില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് അപകടാവസ്ഥ നിലനില്‍ക്കുന്നത്. ഗര്‍ത്തം ഉണ്ടായിട്ട് 20 ദിവസം പിന്നിട്ടിട്ടും വീപ്പ കൊണ്ട് കുഴിയടച്ച നടപടിക്കു പകരം സ്ഥിരപരിഹാരം ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
അടൂർ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച കെപി റോഡ് തുടക്കത്തില്‍ തന്നെ താറുമാറായി. പറക്കോട് മുതല്‍ പ്ലാന്റേഷന് ജംഗ്ഷന് വരെയുള്ള റോഡ് ഇരുവശവും താഴ്ന്ന നിലയിലാണ്. റോഡിന്റെ ദുരവസ്ഥ കാരണം അപകടങ്ങളും പതിവായി. 2018 മുതല്‍ ഒട്ടേറെത്തവണ വശങ്ങള് ഇടിഞ്ഞു താഴ്ന്നു. കുണ്ടും കുഴിയും മാറ്റുന്നതിനും ലക്ഷങ്ങള്‍ മുടക്കിയ റോഡാണിത്. എന്നാൽ, ഇന്നും അപാകതകള്‍ മാറിയിട്ടില്ല.
ഇതുകാരണം അടൂര്‍ - ഏഴംകുളം പ്ലാന്റേഷന് മുക്കുവരെയുള്ള ഭാഗങ്ങളില്‍ അപകടത്തില്‍പ്പെടുന്നത് ഒട്ടേറെപ്പേരാണ്. റോഡിന്റെ മിക്കഭാഗവും കുണ്ടും കുഴിയും ഏറ്റക്കുറച്ചിലുകളുമാണ്.
2018-ല്‍ തകര്‍ന്നുകിടന്ന കെപി റോഡ് 97.92 ലക്ഷം രൂപയ്ക്കാണ് പണിതത്. 20 മില്ലി മീറ്റര്‍ കനത്തില്‍ ജിഎസ്ബി, മുകളില്‍ 15 മില്ലിമീറ്റര്‍ കനത്തില്‍ ഡബ്ല്യുഎംഎം, അഞ്ചു സെന്റീ മീറ്റര്‍ കനത്തില്‍ ബിഎം, മൂന്ന് സെന്റി മീറ്ററില്‍ ബിസി എന്നിങ്ങനെ ചെയ്യണമെന്നായിരുന്നു കരാർ. ഇതെല്ലാം ചെയ്തുവെന്നവകാശപ്പെട്ട് 2019 മേയ് 22ന് റോഡ് നവീകരണം പൂര്‍ത്തിയാക്കി. 12 ദിവസം കഴിഞ്ഞപ്പോള്‍ അടൂരില്‍ നിന്ന് ഏഴംകുളം ജംഗ്ഷന് എത്തുംമുന്‍പ് റോഡ് താഴ്ന്നു. അടുത്തദിവസം തന്നെ പ്ലാന്റേഷന് ജംഗ്ഷനിലും റോഡ് താഴ്ന്നു.
പിന്നീട് 2022ല്‍ കെപി റോഡിലെ പ്ലാന്റേഷന് മുക്കുമുതല്‍ പൈപ്പിട്ട് ഇളകിയ സ്ഥലംവരെ നവീകരിക്കാന്‍ 92.90 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി ടാറിംഗും മറ്റുപണികളും നടന്നു. എന്നാൽ, വീണ്ടും റോഡിന്റെ അവസ്ഥ പഴയപടി കുണ്ടും കുഴിയുമായി. ഇപ്പോള്‍ വീണ്ടും ഇടയ്ക്കിടെ കുഴികള്‍ അടച്ചും ഏറ്റക്കുറച്ചില്‍ ഉള്ള ഭാഗത്ത് ടാറിംഗ് നടത്തിയുമാണ് മുന്നോട്ടു പോകുന്നത്.
District News
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം നീളും. കോണ്‍ഗ്രസിന്റെ ആദ്യഘട്ട പട്ടികയില്‍ ജില്ലയിലെ ഒരു മണ്ഡലവും ഇടംപിടിക്കില്ല. കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന തിരുവല്ല സീറ്റിലും സ്ഥാനാര്‍ഥി നിര്‍ണയം വൈകും. ജനപിന്തുണയും വിജയസാധ്യതയും അടിസ്ഥാനമാക്കി സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള നിര്‍ദേശമാണ് യുഡിഎഫ് അംഗീകരിച്ചിരിക്കുന്നത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങളിലും പരാജയം അറിഞ്ഞ യുഡിഎഫ് ഇക്കുറി മികച്ച സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കില് മാത്രമേ കരകയറാനാകൂവെന്ന് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മത്സരരംഗത്തുണ്ടായിരുന്നവരില് ചിലരടക്കം ശക്തമായ വാദമുഖങ്ങളുമായി രംഗത്തുള്ളപ്പോഴും വിജയസാധ്യതയാണ് പ്രധാന ഘടകമെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
യുഡിഎഫിനു ശക്തമായ വേരോട്ടവും പിന്തുണയുമുണ്ടെങ്കിലും പത്തനംതിട്ട ജില്ലയിലെ അസംബ്ലി മണ്ഡലങ്ങളില്‍ എതിര് സ്ഥാനാര്‍ഥികളുടെ പ്രഭാവത്തിനനുസരിച്ചുള്ള സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയെങ്കിലേ വിജയിച്ചു കയറാനാകൂവെന്നാണ് 2021ലെ അടക്കം ഫലം നല്കുന്ന സൂചന. അടൂരില്‍ കഴിഞ്ഞതവണ പരാജയപ്പെട്ട എം.ജി. കണ്ണന് അന്തരിച്ചതോടെ സംവരണ മണ്ഡലമായ അവിടെ മെച്ചപ്പെട്ട ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തണം.
പരാജയപ്പെട്ടെങ്കിലും മരണത്തിനു തൊട്ടുമുമ്പുവരെ അടൂര്‍ മണ്ഡലത്തില്‍ നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ചയാളാണ് കണ്ണൻ. കഴിഞ്ഞതവണ ചിറ്റയം ഗോപകുമാറിനെതിരേ ശക്തമായ വെല്ലുവിളിയാകാനും ഭൂരിപക്ഷം കുറയ്ക്കാനും കണ്ണനു കഴിഞ്ഞിരുന്നു. കണ്ണന്റെ അസാന്നിധ്യത്തില്‍ പല പേരുകളും പരിഗണിച്ച് റിപ്പോര്‍ട്ടുകള്‍ തയാറായിട്ടുണ്ട്.
സര്‍വേ ഫലങ്ങള്‍ നിര്‍ണായകം
നിയമസഭ മണ്ഡലങ്ങളില്‍ വിജയസാധ്യതയുള്ളവരെ സംബന്ധിച്ച് വിവിധ സര്‍വേകള്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. കനോഗോലും സര്‍വേ കൂടാതെ തന്നെ നിരവധി ഏജന്‍സികളെ ഉപയോഗപ്പെടുത്തി സര്‍വേകള്‍ ഔദ്യോഗികമായും അല്ലാതെയും നടന്നിട്ടുണ്ട്. മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളും അവകാശവാദവുമായി രംഗപ്രവേശം ചെയ്തവരുടെ പേരുകളും ചേര്‍ത്താണ് സര്‍വേകള്‍ നടന്നിരിക്കുന്നത്. റാന്നി, കോന്നി മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ മത്സരിച്ചവരെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
ആറന്മുളയില് പുതുമുഖ സ്ഥാനാര്‍ഥി തന്നെയാണ് വരാനാണ് സാധ്യത. മണ്ഡലത്തിലുള്ളവരുടെയും പുറമേ നിന്നുള്ള ചിലരുടെയും പേരുകള്‍ പരിഗണനാപട്ടികയിലുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മന്ത്രി വീണാ ജോര്‍ജ് മൂന്നാമതും ജനവിധി തേടുന്ന മണ്ഡലത്തില്‍ ശക്തനായ എതിരാളിയെ തന്നെ യുഡിഎഫിനു കണ്ടെത്തേണ്ടിവരും.
റാന്നി, തിരുവല്ല വച്ച ുമാറ്റം സാധ്യമാകില്ല
റാന്നി സീറ്റ് കേരള കോണ്‍ഗ്രസിനു നല്കി പകരം തിരുവല്ല ഏറ്റെടുക്കണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ മുന്നോട്ടുവച്ചെങ്കിലും കെപിസിസിയോ കേരള കോണ്‍ഗ്രസോ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടുമില്ല. 2006 മുതല്‍ എല്‍ഡിഎഫിലെ ജനതാദള്‍ സ്ഥാനാര്‍ഥി മാത്യു ടി. തോമസ് സ്ഥിരമായി ജയിച്ചുവരുന്ന മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് തുടര്‍ച്ചയായി നാലുതവണ പരാജയപ്പെട്ടു.
സ്ഥാനാര്‍ഥികളെ മാറ്റി നോക്കിയെങ്കിലും കേരള കോണ്‍ഗ്രസിനു വിജയിക്കാനായില്ല. എന്നാല്‍ മുമ്പ് സ്ഥിരമായി കേരള കോണ്‍ഗ്രസ് ജയിച്ചുവന്ന മണ്ഡലത്തില്‍ യുഡിഎഫിലെ അനൈക്യമാണ് പരാജയത്തിനു കാരണമായതെന്നാണ് വിലയിരുത്തല്‍ ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ശക്തമായ ലീഡുള്ള മണ്ഡലമാണ് തിരുവല്ല. ഇത്തവണയും കേരള കോണ്‍ഗ്രസിനു തന്നെയാകും മണ്ഡലം ലഭിക്കുക.
റാന്നിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിനായി നിരവധിപേരാണ് രംഗത്തുള്ളത്. കെപിസിസി സെക്രട്ടറിയായിരുന്ന റിങ്കു ചെറിയാനാണ് കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എമ്മിലെ പ്രമോദ് നാരായണനോടു പരാജയപ്പെട്ടത്. റിങ്കു ചെറിയാനടക്കം സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചു രംഗത്തുണ്ട്.
അടൂര്‍ പ്രകാശ് കോന്നിയിലേക്ക്
എംപിമാര്‍ ജനവിധി തേടാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്കിയാല് ആദ്യം പരിഗണിക്കപ്പെടുന്ന പേര് അടൂര്‍ പ്രകാശിന്റേതായിരിക്കുന്നു. കോന്നി മണ്ഡലം തിരിച്ചുപിടിക്കാന്‍ അടൂര്‍ പ്രകാശ് തന്നെ രംഗത്തിറങ്ങണമെന്നാവശ്യം പാര്‍ട്ടിക്കുള്ളിലും മണ്ഡലത്തിലുമുണ്ട്. എന്നാല്‍ എംപിമാര്‍ മത്സരിക്കുന്നതിനോടു കോണ്‍ഗ്രസ് നേതാക്കളില്‍ നല്ലൊരു പങ്കിനും താത്പര്യമില്ല. അടൂര്‍ പ്രകാശ് 1996 മുതല്‍ പ്രതിനിധീകരിച്ചു വന്ന കോന്നി മണ്ഡലം 2019ല്‍ അദ്ദേഹം ആറ്റിങ്ങല്‍ എംപി ആയതിനു പിന്നാലെയാണ് ഒഴിഞ്ഞത്.
ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചു. സിപിഎമ്മിലെ കെ.യു. ജനീഷ് കുമാര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം 2021ലെ തെരഞ്ഞെടുപ്പിലും വിജയിച്ചു. ഇത്തവണയും ജനീഷ് തന്നെയാകും സിപിഎം സ്ഥാനാര്‍ഥി. വികസന വിഷയങ്ങള്‍ ഉയര്‍ത്തി ശക്തമായ പോരാട്ടത്തിനിറങ്ങുന്ന ജനീഷ് കുമാറിനെ നേരിടാന്‍ അടൂര്‍ പ്രകാശ് തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ആവശ്യം.
District News
അടൂർ: എംസി റോഡില്‍ നെല്ലിമൂട്ടില്‍പടി ജംഗ്ഷനില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ തട്ടിയ ശേഷം സമീപത്തെ കടയുടെ മുന്നിലേക്ക് ഇടിച്ച് കയറി. ഇന്നലെ പുലര്‍ച്ചെ 5.25 നാണ് അപകടം. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കോട്ടയം ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സിഗ്നല്‍ പോയിന്റില്‍ വച്ച് ചവറ ഭാഗത്തേക്കു തിരിഞ്ഞ കൊല്ലം ഓര്‍ഡിനറി ബസില്‍ തട്ടിയശേഷം ഫുട്പാത്തിലെ ഡിവൈഡറും തകര്‍ത്ത് സമീപത്തെ കടയുടെ മുന്‍വശത്ത് ഇടിച്ചു കയറകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന സിഗ്നല്‍ പോസ്റ്റും തകര്‍ത്ത ശേഷം വ്യാപാര സ്ഥാപനത്തിന്റെ ഇരുമ്പ് വേലിയില്‍ ഇടിച്ചാണ് നിന്നത്.
ബസിന്റെ മുന്‍വശം തകര്‍ന്നു.സംഭവത്തില്‍ അടൂര്‍ ഡിപ്പോയിലെ ഓര്‍ഡിനറി ബസ് ഡ്രൈവര്‍ ആർ. രതീഷിന് നിസാര പരിക്കേറ്റു. പുലര്‍ച്ചെ റോഡില്‍ തിരക്ക് കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.
District News
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് കെഎസ്ആര്‍ടിസി ബസില്‍ മടങ്ങി വരികയായിരുന്ന സ്ത്രീകളടക്കമുള്ള തീര്‍ഥാടകരെ നിലയ്ക്കലിനു സമീപം വനത്തില്‍ രാത്രി ഇറക്കി വിട്ടതായ പരാതിയേ തുടര്‍ന്ന് ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലംമാറ്റുകയും ചെയ്തു.
പമ്പ - തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രി 11.30നാണ് സംഭവം. പമ്പയില്‍ നിന്നും നിലയ്ക്കലേയ്ക്കു ടിക്കറ്റ് എടുത്തിരുന്ന 12 സ്ത്രീകളും ഒരു കുട്ടിയും അടക്കമുള്ള തീര്‍ഥാടകരെയാണ് രാത്രിയില്‍ പെരുവഴിയില്‍ ഇറക്കി വിട്ടത്.
നിലയ്ക്കലില്‍ ടെമ്പോ ട്രാവലര്‍ പാര്‍ക്ക് ചെയ്തശേഷം ശബരിമലയിലേക്ക് പോയി മടങ്ങിയ സംഘം തിരികെ വാഹനത്തില്‍ പോകാനാണ് നിലയ്ക്കലിലേക്ക് ബസില്‍ കയറിയത്. എന്നാല്‍ തിരുവനന്തപുരം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കയറിയില്ല. താഴെയുള്ള വഴിയിലും നിര്‍ത്താതെ ഡ്രൈവര്‍ ബസ് മുമ്പോട്ടെടുക്കുകയായിരുന്നു.
തീര്‍ഥാടകരില്‍ ഏതാനും പേര് കെല്‍ട്രോണിലെ ജീവനക്കാരാണ്. രാത്രി സമയം ബസുകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു കയറില്ലെന്നു പറഞ്ഞ് നിലയ്ക്കല്‍ ബേസ് ക്യാംപില്‍ നിന്നും വാഹനങ്ങള്‍ ഇറങ്ങി വരുന്ന ഭാഗത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ് പടിക്കലാണ് പിന്നീട് തീര്‍ഥാടകരെ ഇറക്കി വിട്ടത്. രാത്രി തീര്‍ഥാടകര്‍ റോഡിലൂടെ നടന്ന് സമീപത്തെ ഹോട്ടല്‍ പടിക്കല്‍ എത്തിയ ശേഷം ഇവര്‍ വന്ന വാനിന്റെ ഡ്രൈവറെ വിളിച്ചുവരുത്തി വീടുകളിലേക്കു മടങ്ങുകയായിരുന്നു.
രാത്രി ബസുകള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു കയറേണ്ടതില്ലെന്നുള്ള നിര്‍ദേശമുള്ളതിനാലാണ് തീര്‍ഥാടകരെ വഴിയില്‍ ഇറക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് വിശദീകരണം. സംഭവം വിവാദമായതോടെയാണ് താത്കാലിക ജീവനക്കാരനായ ഡ്രൈവറെ പിരിച്ചുവിട്ടത്. കണ്ടക്ടറെ തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് മാറ്റി.
District News
ചെറുകോല്‍പ്പുഴ: ആചാര സംരക്ഷണത്തിനായി നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് 114 ാമത് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ നാലാം ദിവസം നടന്ന അയ്യപ്പഭക്ത സംഗമം ആവശ്യപ്പെട്ടു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധാത്മകമായ സമീപനത്തില്‍ അയ്യപ്പഭക്ത സമ്മേളനം പ്രതിഷേധിച്ചു.
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ചു സുപ്രീം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹര്‍ജിയില്‍ സര്‍ക്കാര്‍ അയ്യപ്പ ഭക്തരോടൊപ്പം നിന്ന് അവരുടെ വിശ്വാസം സംരക്ഷിക്കുന്ന തരത്തില്‍ ആവശ്യമായ സത്യവാങ്ങ്മൂലം നല്‍കണമെന്നും അയ്യപ്പ ഭക്ത സമ്മേളനം പാസാക്കിയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അയിരൂര്‍ ഹിന്ദുമത മഹാമണ്ഡലം ജനറല്‍ സെക്രട്ടറി എ. ആർ. വിക്രമന്‍പിള്ള പ്രമേയം അവതരിപ്പിച്ചു.
അയ്യപ്പഭക്ത സമ്മേളനം പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മ ഉദ്ഘാടനം ചെയ്തു. ഡോ.എം.ജി. ശശിഭൂഷണൻ, ജ്ഞാനാഭനിഷ്ട എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്. വി. ബാബു വിഷയം അവതരിപ്പിച്ചു. ഹിന്ദു മത മഹാമണ്ഡലം ജനറല്‍ കമ്മറ്റി അംഗം പി. ആര്. ഷാജി സ്വാഗതവും റ്റി. പി. ഹരിദാസന് നായര്‍ നന്ദിയും പറഞ്ഞു.
District News
പത്തനംതിട്ട: മാര്‍ത്തോമ്മാ സഭയുടെ ചുമതലയില്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന റീ ഹാബിലിറ്റേഷന്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്റർകൂദാശയും സമ്മേളനവും നാളെ നടക്കും. വൈകുന്നേരം നാലിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത സെന്ററിന്റെ കൂദാശ നിര്‍വഹിക്കും. ഡോ.ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, എംസിആര്‍ഡി പ്രസിഡന്റ് ഡോ. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
പൊതുസമ്മേളനം മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. തോമസ് മാര്‍ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തേ തുടര്‍ന്ന് ഗായിക അഞ്ജുജോസഫിന്റെ ഗസ്റ്റ് പെര്‍ഫോമന്‍സ് ഉണ്ടാകും.
മലങ്കര മാര്‍ത്തോമ സുറിയാനി സഭ 1981 ഒക്ടോബര്‍ മാസം പതിനഞ്ചാം തീയതി അഭിവന്ദ്യരായ മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തമാരായിരുന്ന ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ, ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം, ഡോ. തോമസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ എന്നിവരുടെ മെത്രാഭിഷേക രജതി ജൂബിലിയോടനുബന്ധിച്ച് ആരംഭിച്ചതാണ് തെള്ളിയൂരിലെ മാര്‍ത്തോമ്മ സെന്റര്‍ ഫോര്‍ റീ ഹാബിറ്റേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (എംസിആര്‍ഡി).
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പഠനത്തിനും പുനരധിവാസത്തിനുമായി ആരംഭിച്ച സ്ഥാപനം പ്രബോധ സെന്ററിനു തുടക്കമിടുന്നതിലൂടെ മുതിര്‍ന്ന കുട്ടികളെ മാതാപിതാക്കള്‍ക്ക് ഭവനത്തില്‍ താമസിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴോ മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലോ അവരെ സംരക്ഷിക്കുന്നതിനും കഴിയും. 100 ആണ്‍കുട്ടികള്‍ക്ക് താമസിക്കുവാന്‍ സാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് സെന്ററിലൂടെ ലഭ്യമാകുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ എംസിആര്‍ഡി സെക്രട്ടറി ഡോക്ടര്‍ കെ.കെ. ജോണ്സണ് ട്രഷറാര്‍ ഏബ്രഹാം മാത്യു പനച്ചമൂട്ടില്‍ ഡയറക്ടര്‍ റവ. സുനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.
District News
അടൂർ: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി മയ്യത്തുംകര അര്‍ത്തിയില്‍ വീട്ടില്‍ സുഹൈല്‍ അന്‍സാരി (33)യെയാണ് ആത്മഹത്യാപ്രേരണ കുറ്റത്തിന് ഏനാത്ത് പോലീസ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്.
14ന് പുലര്‍ച്ചെ കടമ്പനാട് സ്വദേശി രേണു അനിൽ(37) തൂങ്ങിമരിച്ച കേസിലാണ് അറസ്റ്റ്. യുവതിയുടെ ആത്മഹത്യയില്‍ നാട്ടുകാരും ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്തു. ഇതിനിടയില്‍ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലിസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്സ് ആപ് ചാറ്റുകള്‍ പരിശോധിച്ച ശേഷമാണ് സുഹൈല്‍ അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
ശൂരനാട്ടെ ഒരു സ്കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്ന രേണുവിനോട് അതേ സ്കൂളിലെ പിആര്‍ഒ ആയിരുന്ന സുഹൈല്‍ വഴിവിട്ട ബന്ധത്തിനു പ്രേരിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടെന്നും അതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും പോലീസ് പരിശോധനയില്‍ കണ്ടെത്തിയ രേണുവിന്റെ കുറിപ്പില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ സുഹൈല്‍ അന്‍സാരിയെ റിമാന്‍ഡ് ചെയ്തു.
District News
തിരുവല്ല: പട്ടികജാതി, വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനും സാമൂഹ്യ പഠനമുറി, വിജ്ഞാന വാടി, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ ലൈബ്രറികള്‍ ശക്തിപ്പെടുത്തുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെആഭിമുഖ്യത്തില്‍ നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക ശേഖരണ കാമ്പയിന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം കുറിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ജോ ഇലഞ്ഞിമൂട്ടില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ് ചാത്തങ്കേരി, നിഷ അശോകന്, അംഗങ്ങളായ തോമസ് വര്‍ഗീസ്, സോമന് താമരച്ചാലിൽ, റെയ്ച്ചല്‍ വര്‍ഗീസ് സെക്രട്ടറി എം. ഷീന മോള്, സി. എൽ. ശിവദാസ്, ജെ. ഹസീന, അനില്‍ ഏബ്രഹാം, ബി. അശോക് കുമാർ,കോഓഡിനേറ്റര്‍ ഐ. ആർ. ലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു .
തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ് എന്‍എസ്എസ് യൂണിറ്റ് ശേഖരിച്ച പുസ്തകങ്ങള്‍ പ്രോഗ്രാം ഓഫീസര്‍ അഞ്ജലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.
District News
പുല്ലാട് : കോയിപ്രം ഗ്രാമപഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങളും റോഡുകളുടെ നവീകരണങ്ങളും മെല്ലെപ്പോക്കില്‍. സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ 90 ദിവസം മാത്രം അവശേഷിക്കേ 46.53 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ത്രിതല പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതും പദ്ധതി വിനിയോഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്.ജയ പറഞ്ഞു.
പഞ്ചായത്തിലെ റോഡുകളുടെ നിര്‍മാണം ഏറ്റെടുത്തിട്ടുള്ള കരാറുകാര്‍ കൃത്യസമയത്ത് പ്രവര്‍ത്തികള്‍ നടത്തുന്നില്ല. പഞ്ചായത്തിന്റെ മരാമത്ത് വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. ഒരു അസിസ്റ്റന്റ് എന്‍ജിനിയറും ഒരു ഓവര്‍സിയറും മാത്രമാണുള്ളത്. മറ്റൊരു ഓവര്‍സിയര്‍ വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട എസ്ഐആര്‍ നടപടികളുമായി സ്ഥലത്തില്ല.
പഞ്ചായത്തിലെ പ്രധാനപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ പരിശീലനവുമായി ബന്ധപ്പെട്ടും സ്ഥലത്തില്ല. മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ പഞ്ചായത്തിലെ പദ്ധതിവിനിയോഗത്തിന് ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ അവസ്ഥയില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്ന ആശങ്ക ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുമുണ്ട്.
നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം അടിയന്തരമായ വിളിച്ചുചേര്‍ത്ത് മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സി.എസ്.വിജയകുമാര്‍ പറഞ്ഞു.
District News
കോന്നി: വിനോദസഞ്ചാരികളുടെ തിരക്കേറിയ കേന്ദ്രമായ ആനക്കൂട് കോന്നി ഇക്കോ ടൂറിസം പാര്‍ക്ക് പ്രദേശത്ത് റോഡിന്റെ നടുവിലും അരികുകളിലും സ്ഥാപിച്ചിരിക്കുന്ന വൈദ്യുത പോസ്റ്റുകള്‍ യാത്രയ്ക്കും ഗതാഗതത്തിനും വലിയ തടസമായി മാറി. ഹരിപ്പാട് - കോന്നി സംസ്ഥാന ഹൈവേയുടെ ഭാഗമായ ഈ റോഡില്‍ പല ഭാഗങ്ങളിലും വൈദ്യുത തൂണുകള്‍ പാതയോടു ചേര്‍ന്ന് നില്ക്കുന്നതിനാല് അപകടസാധ്യത ഉയര്‍ന്നിരിക്കുകയാണ്.
കോന്നി ഇക്കോ ടൂറിസം പാര്‍ക്ക് പ്രവേശന വഴിയിലാണ് അപകടഭീഷണി ഉയര്‍ത്തി വൈദ്യുത പോസ്റ്റുകള്‍ നില്‍ക്കുന്നത്. പ്രതിദിനം നൂറുകണക്കിന് സന്ദര്‍ശകരും പ്രദേശവാസികളും ഈ വഴിയാണ് യാത്ര ചെയ്യുന്നത്. പ്രത്യേകിച്ച് വിനോദസഞ്ചാര സീസണുകളില്‍ വാഹന ഗതാഗതം വര്‍ധിക്കുമ്പോള്‍ റോഡ് ഇടുങ്ങിയ ഭാഗങ്ങളില്‍ തൂണുകള്‍ കാരണം വാഹനങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന ആശങ്ക നാട്ടുകാര്‍ ഉയര്‍ത്തുന്നു.
കാല്‍നടയാത്രക്കാരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. റോഡിന്റെ വശങ്ങളിലൂടെ സുരക്ഷിതമായി നടക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ പലര്‍ക്കും വാഹന ഗതാഗതത്തിനിടയിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. വിദ്യാര്‍ഥികള്‍, വയോധികര്‍, സ്ത്രീകള്‍ തുടങ്ങിയവര്‍ക്ക് ഇത് വലിയ അപകടഭീഷണിയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രദേശത്തിന്റെ വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വൈദ്യുത പോസ്റ്റുകള്‍ റോഡ് വശങ്ങളിലേക്ക് മാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന് ഗ്രീന്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.
അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തങ്ങള്‍ക്ക് ഇടയാകാമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതര്‍ ത്വരിത നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
District News
റാന്നി: ചെറുകോൽപ്പുഴ - റാന്നി റോഡിന്റെ നിർമാണത്തിനു ടെൻഡർ നടപടിയായതായി പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. എട്ടു കിലോമീറ്റർ ദൂരം വരുന്ന റോഡ് 10.5 മീറ്റർ വീതിയിലാണ് പുനരുദ്ധരിക്കുക. 61.3 കോടി രൂപയാണ് നിർമാണത്തിനായി ചെലവഴിക്കുന്നത്. കെആർഎഫ്ബിക്കാണ് നിർമാണച്ചുമതല. പാതയിലെ പഴയ കലുങ്കുകളും പാലങ്ങളും വീതി കൂട്ടി പുനർ നിർമിക്കും.
പൈപ്പ് ലൈനും വൈദ്യുത പോസ്റ്റുകളും മാറ്റേണ്ടതുണ്ട്. റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപ്പെടുന്ന നിർമിതികൾ പുനർനിർമിച്ചു നൽകും. ബിഎം ബിസി നിലവാരത്തിൽ പുനർ നിർമിക്കുന്ന റോഡിന്റെ വശങ്ങളിൽ ഓടകളും ഐറിഷ് ഡ്രെയിനും വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ അപകട സൂചനാ ബോർഡുകളും സ്ഥാപിക്കും. 2022 മാർച്ചിൽ പദ്ധതിക്ക് 54.6 കോടി രൂപയുടെ അനുമതി ഉണ്ടായിരുന്നെങ്കിലും 13 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നത് ഭൂ ഉടമകൾ വിസമ്മതിച്ചതോടെയാണ് നിർമാണം മുടങ്ങിയത്. വീണ്ടും നാറ്റ് പാക് മുഖേന റോഡിലെ ട്രാഫിക് സ്റ്റഡി നടത്തിയ ശേഷമാണ് വീതി 10.5 മീറ്ററായി നിജപ്പെടുത്തിയത്.
മന്ത്രി മുഹമ്മദ് റിയാസ് ഇതു സംബന്ധിച്ച തീരുമാനം നിയമസയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും നിർമാണ സാമഗ്രികളുടെ വിലക്കനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ റേറ്റ് വ്യത്യാസം വന്നതിനാൽ അത് അനുസരിച്ച് വീണ്ടും എസ്റ്റിമേറ്റ് എടുക്കേണ്ടതായി വന്നു. ഇതനുസരിച്ച് എട്ട് കോടി രൂപ അധികമായി വേണ്ടിവന്നു. ഈ തുകയ്ക്ക് ഭരണാനുമതി വേണ്ടി വന്നതാണ് ബാക്കി നടപടികൾ വൈകാനിടയാക്കിയത്. കരാറുകാരൻ എഗ്രിമെന്റ് വയ്ക്കുന്ന മുറയ്ക്ക് ഉടൻതന്നെ നിർമാണം ആരംഭിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.
District News
അടൂർ: സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ നട്ടുപിടിപ്പിച്ച അലങ്കാര ചെടികൾ വേനൽചൂടിൽ കരിഞ്ഞുണങ്ങി. നഗരത്തിന്റെ പ്രവേശന കവാടമായ നെല്ലിമൂട്ടിപ്പടി ബൈപാസ് ആരംഭിക്കുന്ന ഭാഗത്തെ ട്രാഫിക് ഡിവൈഡറിനുള്ളിൽ ചെടികൾ നട്ടുപിടിപ്പിച്ച് നഗരസൗന്ദര്യം വർധിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.
പുതുവർഷത്തിന്റെ തുടക്കത്തിൽ നഗരത്തിന്റെ പുതുമയാർന്ന രൂപം വളരെ ശ്രദ്ധേയമാകുകയും ചെയ്തതാണ്. ഇവയുടെ സംരക്ഷണത്തിലെ പാളിച്ച മൂലം വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയത്.
സ്ഥിരമായി വെള്ളമൊഴിക്കുന്ന സംവിധാനമില്ലെങ്കിൽ അവശേഷിക്കുന്ന ചെടികളും നശിക്കുമെന്ന മട്ടാണ്.
സൗന്ദര്യവത്കരണ പദ്ധതികൾക്ക് തുടർച്ചയായ പരിപാലന സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിൽ. പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപമുള്ള മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്കരിക്കുന്ന യൂണിറ്റ് പ്രവര്‍ത്തന രഹിതമായിട്ടു വര്‍ഷങ്ങളായി. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എംസിഎഫുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
ഇവിടെ നിന്നും മാലിന്യങ്ങള്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന പഞ്ചായത്തുവക പെട്ടി ഓട്ടോറിക്ഷ മാസങ്ങളായി പ്രവര്‍ത്തന രഹിതമായി പഞ്ചായത്ത് വളപ്പില്‍ കിടക്കുകയാണ്. വാഹനത്തിന്റെ ആർസി ബുക്കുപോലും കാണാനില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന് പറഞ്ഞു.
കോയിപ്രം ഗ്രാമപഞ്ചായത്തിലെ മാലിന്യ നിര്മാര്ജനത്തിനായിരിക്കും വരുംകാലങ്ങളില്‍ മുന്തിയ പരിഗണന നല്കുന്നതെന്ന്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ജയ സ്റ്റാന്‍ഡിംഗ്കമ്മിറ്റി അധ്യക്ഷരായ സി.എസ്. വിജയകുമാര്‍, എ.കെ. സോമന് എന്നിവര്‍ പറഞ്ഞു.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന തടസങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് ശുചിത്വ മിഷന് ജില്ലാ ഘടകവുമായും ജില്ലാ കളക്ടറുമായും ബന്ധപ്പെടുമെന്നും ഇവര്‍ പറഞ്ഞു. പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളുടെ മുന്‍പിലും വിദ്യാലയങ്ങളുടെ മുമ്പിലും ജംഗ്ഷനുകളിലും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഇതുമൂലം തെരുനായ്ക്കളുടെ ശല്യം ഏറെയാണ്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും നിര്‍വഹണ സമിതിയുമാണ് നിരീക്ഷണ കാമറകള്‍ അടിയന്തരമായി സ്ഥാപിക്കണമെന്ന് തീരുമാനിച്ചത്. മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പഞ്ചായത്ത് കമ്മിറ്റി വളരെ ഗൗരവത്തോടെയാണ് ഇടപെട്ടിരിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ഉറവിടങ്ങളില്‍ തന്നെ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളും ശുചിത്വമിഷന്റെ സഹായത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
District News
കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ 30.35 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന ഒപി ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നു. നാല് നിലകളിലായി 5858 ചതുരശ്ര മീറ്ററിലാണ് കെട്ടിട സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്. 2021 ജനുവരിയില്‍ ഭരണാനുമതി ലഭിച്ചതെങ്കിലും നിര്‍മാണം തുടങ്ങിയത് 2023 ജൂണിലാണ്. കിഫ്ബി ഫണ്ടില്‍ നിന്നുള്ള തുകയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. താഴത്തെ നിലയില്‍ ലിംബ് സെന്ററും 49 കാറുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമാണുള്ളത്.
ഇതുകൂടാതെ അത്യാഹിതവിഭാഗം, ഡയഗ്നോസ്റ്റിക് സെന്റര്‍, മൈനര്‍ ഒപ്പറേഷന് തിയേറ്റര്‍ ഒപി.കൗണ്ടർ, കാസ്പ് കൗണ്ടര്‍, പ്രൊസീജിയര്‍ മുറി, ലാബ്, ഇസിജി, സിറ്റി സ്കാൻ, ദന്തല്‍ വിഭാഗം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്നാംനിലയില്‍ ഒപി, ഫാര്‍മസി, ലാബ് എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. രണ്ടാംനിലയില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്, ട്രെയിനിംഗ് സെന്റര്‍, ജ്യോതിഷ് സ്റ്റോർ, റിക്കാര്‍ഡ് റൂം, മീറ്റിംഗ് മുറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം തന്നെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടക്കും.
District News
പത്തനംതിട്ട: തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ബിഎസ്എൻഎൽ താത്കാലിക ജീവനക്കാർക്കു ജോലിയും ശന്പളവും നിഷേധിച്ച് ഒഴിവാക്കാൻ നീക്കം. പുതിയ ടെൻഡർ പ്രകാരം നിലവിലെ ജീവനക്കാരെ കുറഞ്ഞ ശമ്പളമായ 1,800 രൂപ മാസനിരക്കിലും അവർ ജോലി ചെയ്യാത്ത പക്ഷം പിരിച്ചു വിടാനുമാണ് തീരുമാനം.
ടെൻഡർ പിടിച്ചവരുടെ കീഴിൽ വർഷങ്ങളായി താത്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന മുപ്പത്തഞ്ചോളം പേർ ജില്ലയിലുണ്ട്. മറ്റ് ജില്ലകളിലും ഇതേപോലെ താത്കാലികക്കാരുണ്ട്. നിലവിൽ ബിഎസ്എൻഎലിലെ താത്കാലിക ജീവനക്കാരുടെ വേതനം കഴിഞ്ഞ അഞ്ചു വർഷമായി ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിമാസം ജോലി ചെയ്താൽ 1,800 രൂപയാണ് ലഭിക്കുന്നത്. 24 മണിക്കൂറും ജോലിചെയ്യണം.
കോർപറേറ്റ് സ്ഥാപനങ്ങൾ കരാറെടുത്ത് തുച്ഛമായ തുക മാത്രം നൽകി തൊഴിലാളികളെ സാമ്പത്തികമായി ചുഷണം ചെയ്യുകയാണ്. 1,800 രൂപയ്ക്ക് ജോലി ചെയ്യാത്ത പക്ഷം താത്കാലിക ജീവനക്കാരെ പിരിച്ചു വിടുമെന്നും നിലവിലെ ശമ്പളത്തിന്റെ കാര്യത്തിൽ പുന:പരിശോധന ഇല്ലെന്നും കോർപറേറ്റ് കമ്പനികൾ ഭീഷണി മുഴക്കിയിരിക്കയാണ്.
തുടരാൻ പറ്റില്ലെങ്കിൽ താത്കാലിക ജീവനക്കാരെ ഒഴിവാക്കി പകരം മറ്റ് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. ദീർഘകാലമായി ഇതേ ജോലി മാത്രം ചെയ്തിരുന്നയാളുകളോടു രണ്ടു ദിവസത്തിനുള്ളിൽ സമ്മതം അറിയിച്ചില്ലെങ്കിൽ പിരിഞ്ഞു പോകണമെന്നും പറഞ്ഞിട്ടുണ്ട്. 24 മണിക്കൂർ ജോലി എന്നത് 12 മണിക്കൂർ ആക്കി നിജപ്പെടുത്തിയും പ്രധാനപ്പെട്ട അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ അഡീഷണൽ തുക നൽകണമെന്നും ജീവനക്കാർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ശമ്പളം കൃത്യമായി ലഭിക്കണം. കുറഞ്ഞ തുകയ്ക്കു ടെൻഡർ പിടിക്കുന്ന എല്ലാ കമ്പനികളുടെയും ടെൻഡർ റദ്ദാക്കണം. ഈ തൊഴിൽ മേഖലയിലെ കൂലി ഏകീകൃതമാക്കുകയും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള മിനിമം വേതനം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ ഉന്നയിച്ച് ആന്റോ ആന്റണി എംപിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിവേദനം നൽകുമെന്നും ജീവനക്കാർ പറഞ്ഞു. താത്കാലിക ജീവനക്കാരായ സി. ജയകുമാർ, അനീഷ്കുമാർ, എം. എസ്. പ്രസാദ്, മഹേഷ് ജി. നായർ, പി.എസ്. ജിനേഷ് , അനിൽരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
കോന്നി: കോന്നിയിലെ വൈദ്യുതി വിതരണം കൂടുതൽ ശക്തിപ്പെടുത്താൻ കോന്നി 33 കെവി സബ് സ്റ്റേഷനെ 110 കെവി നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടികൾ പൂർത്തിയായി. ജില്ലയിലെ ഉയർന്ന വൈദ്യുതി ആവശ്യകതകൾ പരിഗണിച്ചാണ് പദ്ധതിക്ക് വേഗത്തിൽ നടപടികൾ നീക്കുന്നത്.
നിലവിൽ 33 കെവി സബ് സ്റ്റേഷൻ വഴി കോന്നിയിലെ ഉപഭോക്താക്കൾ, വാണിജ്യ സ്ഥാപനങ്ങൾ, കോന്നി മെഡിക്കൽ കോളജ് എന്നിവയ്ക്കും വൈദ്യുതി ലഭിക്കുന്നുണ്ട്. മെഡിക്കൽ കോളജിന് നിലവിൽ കോന്നി സബ് സ്റ്റേഷനിലൂടെ മാത്രമാണ് വൈദ്യുതി എത്തിക്കുന്നത്. 110 കെവി ആക്കുന്നതോടെ, കോന്നി മെഡിക്കൽ കോളജിലേക്കു നേരിട്ട് വൈദ്യുതി ലഭിക്കാനും ലോഡ് ഷെഡിംഗ് കുറഞ്ഞു സ്ഥിരതയാർന്ന വൈദ്യുതി വിതരണം ഉറപ്പാക്കാനും സാധിക്കും.
പദ്ധതിയുടെ ഭാഗമായി പുതിയ 110 കെവി ട്രാൻസ്ഫോർമർ, ആധുനിക സ്വിച്ച്യാർഡ് സംവിധാനം, നിയന്ത്രണ മുറി നവീകരണം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കും. ഇതുവഴി വോൾട്ടേജ് കുറവ്, ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി തടസങ്ങൾ എന്നിവയ്ക്കും ശാശ്വത പരിഹാരം ലഭിക്കും.
വൈദ്യുതി സബ് സ്റ്റേഷൻ അപ്ഗ്രേഡ്
കോന്നിയിലെ വ്യവസായ വളർച്ചയ്ക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ വികസനത്തിനും, ടൂറിസം മേഖലകളിലെ ആവശ്യങ്ങൾക്കും സബ് സ്റ്റേഷൻ അപ്ഗ്രോഡ് ചെയ്യുന്നതു ഗുണം ചെയ്യും. കോന്നിയിലെ പുതിയ വ്യവസായ യൂണിറ്റികൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്ഥിരതയാർന്ന വൈദ്യുതി ലഭിക്കാനുള്ള ഉറപ്പാണ് ഇതിലൂടെ ലഭിക്കുന്നത്.
ദീർഘകാലമായി നാട്ടുകാർ ആവശ്യപ്പെട്ടിരുന്ന ഉയർന്ന വൈദ്യുതി ശേഷി ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. സബ് സ്റ്റേഷൻ അപ്ഗ്രേഡ് പൂർണമായാൽ, കോന്നിയിലെ വൈദ്യുതി വിതരണം പുതിയ തലത്തിലേക്ക് ഉയരുമെന്നും പ്രദേശത്തെ സമഗ്ര വികസനത്തിന് വലിയ സംഭാവനയാകുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലെ വൈദ്യുതി സ്റ്റേഷനോടു ചേർന്ന സ്ഥലം ഏറ്റെടുത്താണ് കോന്നി 33 കെവി സബ് സ്റ്റേഷൻ 110 ആയി ഉയർത്തുന്നത്. പുതിയ സ്റ്റേഷന്റെ നിർമാണ നടപടികൾ അതിവേഗം തുടങ്ങാനുള്ള പ്രവർത്തനങ്ങളാണ് വകുപ്പ് തലത്തിൽ നടന്നു വരുന്നത്.
District News
കോന്നി: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാകുന്ന സാഹചര്യത്തിൽ എസ്ഐറ്റിയുമായി സിപിഎം ഗൂഢാലോചന നടക്കുന്നതായി സംശയിക്കേണ്ടിരിക്കുന്നുവെന്ന് കെപിസിസി ജനറൽ സെക്രട്ടറി കറ്റാനം ഷാജി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും ജനകീയ വിചാരണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അതിന്റെ ഭാഗമായാണ് കൂടെ നിന്ന് ഫോട്ടോ എടുത്തതിന്റെ പേരിൽ അടൂർ പ്രകാശ് എംപിയെ ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ആസൂത്രിത നീക്കം നടത്തുന്നതെന്നും കറ്റാനം ഷാജി കൂട്ടിച്ചേർത്തു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, എസ്.സന്തോഷ് കുമാർ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ്.വി. പ്രസന്നകുമാർ, റെജി പൂവത്തൂർ, മാത്യു ചെറിയാൻ, എം.വി. ഫിലിപ്പ്, ഏബ്രഹാം വാഴയിൽ, റോജി എഏബ്രഹാം, ജി.ശ്രീകുമാർ, ശ്യാം എസ്. കോന്നി, മോഹനൻ മുല്ലപ്പറമ്പിൽ,
ബിനി ലാൽ, രേഷ്മ, സജിത, രാജീവ് മള്ളൂർ, സൗദ റഹിം, പ്രിയ എസ്. തമ്പി, സജീവ് കലഞ്ഞൂർ, കെ.ആർ. പ്രമോദ്, ആശ സജി തോമസ് കാലായിൽ, ജി.ജോൺ, റോബിൻ മോൻസി, ദിലീപ് അതിരുങ്കൽ, ജയപ്രകാശ് കോന്നി, ബിനു മരുതിമൂട്, ചിത്ര രാമചന്ദ്രൻ, ജസ്റ്റിൻ തരകൻ എന്നിവർ പ്രസംഗിച്ചു.
District News
റാന്നി: വടശേരിക്കര ടൗണിനു സമീപത്തു വരെ കാട്ടാന എത്തിയ സാഹചര്യത്തിൽ വനാതിർത്തിയിൽ വനം വകുപ്പ് സോളാർ വേലി നിർമിച്ചു തുടങ്ങി. നബാർഡ് സഹായത്തോടെ നടപ്പിലാക്കുന്ന സോളാർ ഫെൻസിംഗിന്റെ നിർമാണ ജോലികൾക്കാണ് തുടക്കമായത്. അടിയന്തര പ്രാധാന്യത്തോടെ 45 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ആദ്യം കരാർ ഏറ്റെടുത്ത സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് കേരള പദ്ധതി നിർവഹണത്തിൽ കാലതാമസം വരുത്തിയതിനേ തുടർന്ന് അവരെ കരാറിൽ നിന്ന് ഒഴിവാക്കി.
കേരള ആർട്ടിസാൻ കോർപറേഷൻ ലിമിറ്റഡാണ് പുതുതായി പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഉപകരാർ ഏറ്റെടുത്ത കരാറുകാരൻ അയാളുടെ സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി ആരംഭിക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. തുടർന്ന് പ്രമോദ് നാരായൺ എംഎൽഎയും ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ട് കരാറുകാരന് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു.
കുമ്പളത്താമണ്ണിൽ നാലു കിലോമീറ്റർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 15 ലക്ഷം രൂപയും ഒളികല്ല് പ്രദേശത്ത് എട്ടു കിലോമീറ്റർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപയുമാണ് ചെലവിടുന്നത്. കുമ്പളത്താമണ്ണിലാണ് പണികൾ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ ഒളികല്ല് ഭാഗത്തെ പണികൾ ആരംഭിക്കും.
ഇതിനായുള്ള സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. സോളാർവേലി സ്ഥാപിക്കുന്നതോടെ പ്രദേശത്തെ വന്യജീവികളുടെ ആക്രമണം വലിയൊരളവിൽ പ്രതിരോധിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷ. മണിയാർ പ്രദേശത്ത് എംഎൽഎ ഫണ്ടിൽ നിന്നു തുക ചെലവഴിച്ച് ഫെൻസിംഗ് സ്ഥാപിച്ചിരുന്നു. അവിടെ ഒരു പരിധിവരെ ജീവികളുടെ സാന്നിധ്യം ഒഴിവാക്കനായിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.
District News
മല്ലപ്പള്ളി: മല്ലപ്പള്ളി ഇതേവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. സമാനതകളില്ലാത്ത ഒരു അന്ത്യയാത്രയ്ക്കാണ് ഇന്നലെ നാട് സാക്ഷ്യം വഹിച്ചത്. നാലുപേരിലേക്കായി ജീവന് പകര്‍ന്നു നല്കി വിടവാങ്ങിയ പിഞ്ചുകുഞ്ഞിനെ യാത്രയയക്കാന്‍ അറിഞ്ഞു കേട്ടെത്തിയവരായിരുന്നു ഏറെയും. ഇതിലേറെപ്പേരും മല്ലപ്പള്ളിയിലെ വാലുമണ്ണില്‍ വീടിനെക്കുറിച്ച് മുമ്പ് കേട്ടറിവു പോലുമുള്ളവരായിരുന്നില്ല.
ഇന്നലെ രാവിലെ മല്ലപ്പള്ളി ജോര്‍ജ് മാത്തന് മിഷന് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് ആലിന് ഷെറിന് ഏബ്രഹാമിന്റെ ഭൗതികശരീരം പുറത്തെടുക്കുമ്പോള്‍ തന്നെ വന്‍ജനാവലി കാത്തുനിന്നു. ആശുപത്രിയുടെ ആദരം ഏറ്റുവാങ്ങി അല്പനേരത്തെ പൊതുദര്‍ശനവും കഴിഞ്ഞാണ് മല്ലപ്പള്ളി വെസ്റ്റിലെ വാലുമണ്ണില്‍ വീട്ടിലേക്ക് എത്തിച്ചത്. മാതാപിതാക്കളും മുത്തച്ഛന് റെജി ശാമുവേലും ബന്ധുക്കളും അനുഗമിച്ചു.
വീട്ടിലെത്തിയപ്പോഴേക്കും മുറ്റവും പരിസരവും ആളുകളെകൊണ്ട് നിറഞ്ഞു. പിന്നീടുള്ള മണിക്കൂറുകള്‍ ഈ വീട്ടിലേക്ക് ജനസഞ്ചയമായിരുന്നു. തിരക്ക് നിയന്ത്രിച്ച് പോലീസ് തന്നെ രംഗത്തെത്തി. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വീട്ടിലെത്തി. കുഞ്ഞിനെ ഒരുനോക്ക് കണ്ടതിനൊപ്പം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത കാട്ടിയ മാതാപിതാക്കളോടും അവര്‍ ആദരം അറിയിച്ചു.
എല്ലാം ചരിത്രമാക്കി ആലിന്
സംസ്ഥാനത്ത് ഇതേവരെ നടന്നിട്ടുള്ള അവയവദാനത്തില്‍ പ്രായക്കുറവുകൊണ്ട് ചരിത്രമായ ആലിന് ഇന്നലെ യാത്രയേകിയത് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ്. ഇത്രയും പ്രായംകുറഞ്ഞ ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ബഹുമതിയും ചരിത്രത്തില്‍ ആദ്യമാകാം. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരടക്കം ആദരാഞ്ജലി അര്‍പ്പിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു സംസ്ഥാന പോലീസ് സേന ഔദ്യോഗിക ബഹുമതികള്‍ നല്‍കിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അടക്കം റീത്ത് സമര്‍പ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ മസ്തിഷ്ക മരണത്തേ തുടര്‍ന്ന് ആലിന്റെ അവയവങ്ങള്‍ നീക്കം ചെയ്തിരുന്നു. ഇതില്‍ കരളും വൃക്കയും മറ്റു രണ്ടു കുഞ്ഞുങ്ങള്‍ക്കായി നല്കി. ഇതില്‍ കരള്‍ സ്വീകരിച്ച രേയയുടെ മുത്തച്ഛന് ആലിന്റെ സംസ്കാര ചടങ്ങിനെത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ അനുശോചനവുമായി സുരേഷ് ഗോപി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനവുമായാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെത്തിയത്. കോയമ്പത്തൂരിലേക്ക് പോകാന്‍ തുടങ്ങിയ താന്‍ പ്രധാനമന്ത്രിയുടെ സന്ദേശത്തേ തുടര്‍ന്നാണ് മടങ്ങി മല്ലപ്പള്ളിയിലേക്ക് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പിഞ്ചുമകളുടെ മരണം എത്തരത്തില്‍ ഒരു കുടുംബത്തെ ബാധിക്കുമെന്നത് തനിക്കു നേരിട്ടുള്ള അനുഭവമാണെന്നു പറഞ്ഞു സുരേഷ് ഗോപി ആലിന് മോള് യാത്രയാകുന്നില്ലെന്നും അവയവദാനം ചെയ്തതിലൂടെ മറ്റുള്ളവരിലൂടെ ജീവന് നിലനിര്‍ത്തുകയാണെന്നും പറഞ്ഞു. ദൈവത്തിന്റെ മടിയിലാണ് കുഞ്ഞിന് ഇടം. ഈ മുഹൂര്‍ത്തവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരച്ഛന് എന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയത്. ആലിന് ഷെറിന് വലിയ സന്ദേശമാണ് നല്‍കിയതെന്നും നമ്മുടെ ജീവിതത്തില്‍ ആലിന് നിത്യം വാഴുമെന്നും സുരേഷ് ഗോപി പറഞ്ഞു.
മാലാഖയുടെ രൂപവും ഒപ്പം
ആലിന് ഷെറിന് ഏബ്രഹാമിന്റെ കല്ലറയ്ക്കരികില് മാലാഖയുടെ രൂപവും സ്ഥാപിച്ചു. കുഞ്ഞുമാലാഖയായി ഈ ഭൂമിയിലേക്കു വന്ന് ജീവനെ അനശ്വരമാക്കി വീതംവച്ചു പറന്നുപോകുന്ന ആലിൻ എന്നും സ്മരിക്കപ്പെടുമെന്നതിന്റെ സൂചനയിലാണ് അന്ത്യവിശ്രമസ്ഥലത്ത് മാലാഖയുടെ രൂപം സ്ഥാപിച്ചത്.
ആലിന് എന്ന കുഞ്ഞ് മാലാഖ നമുക്കിടയില്‍ ജീവിച്ചിരുന്നുവെന്നും ഇനിയും അനശ്വരമായി ജീവിക്കുമെന്നും ആലിന്റെ മാതാപിതാക്കള്‍ നന്മയുള്ളവരാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
എംഎല്‍എമാരായ മാത്യു ടി തോമസ്, ചാണ്ടി ഉമ്മൻ, പി.സി. വിഷ്ണുനാഥ്, മുന്‍ എംഎല്‍എമാരായ ജോസഫ് എം പുതുശേരി, രാജു ഏബ്രഹാം, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരടക്കം ആദരാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലും പള്ളിയിലുമായി എത്തി.
മുഖ്യമന്ത്രി ആലിന്റെ ഭവനം സന്ദര്‍ശിക്കും
മല്ലപ്പള്ളി: അവയവദാനത്തിലൂടെ നാടിന്റെ ഓമനയായ ആലിന് ഷെറിന് ഏബ്രഹാമിന് ആദരം അര്‍പ്പിക്കാനും മാതാപിതാക്കളെ ആശ്വസിപ്പിക്കാനുമായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എത്തും.വൈകുന്നേരം മല്ലപ്പള്ളി വെസ്റ്റിലെ ആലിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും.
District News
വചനം വെളിച്ചമായി ജീവിതത്തില്‍ പ്രകാശിക്കണം: മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത
മാരാമൺ: പമ്പാ മണല്‍പ്പുറത്തെ ഒരാഴ്ച ആധ്യാത്മിക നിറവില്‍ നിലനിര്‍ത്തിയ 131 ാമത് മാരാമണ്‍ കണ്വന്ഷന് പരിസമാപ്തി. പരമ്പരാഗതമായി കണ്വന്ഷന് വേദിയിലെ സമാപനമായി മുഴങ്ങുന്ന സ്തുതിപ്പിന്, സ്തുതിപ്പിന് യേശുദേവനെ ... എന്ന ഗാനത്തിന്റെ ഈരടികള്‍ ഇക്കുറിയും മണല്‍പ്പുറത്തെ ധന്യമാക്കി. മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ സമാപന സന്ദേശത്തേ തുടര്‍ന്നാണ് ആശിര്‍വാദവും സമാപന ഗാനവും പാടി വിശ്വാസികള്‍ പിരിഞ്ഞത്.
ദൈവവചനത്തിന്റെ വ്യാഖ്യാനവും കേഴ്വിയും നമ്മെ പുതുക്കത്തിലേക്ക് നയിക്കുന്നതിന് ഇടയാകണമെന്നും വചനം വെളിച്ചമായി ജീവിതത്തില്‍ പ്രകാശിക്കണമെന്നും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത പറഞ്ഞു.
സഭയുടെയും സമൂഹത്തിൻരെയും ഐക്യത്തിന് എതിരായി നില്ക്കുന്ന ശക്തികളെ നേരിടാന്‍ നമുക്ക് കഴിയണം. അതിന് പ്രായോഗിക ജീവിതത്തില്‍ വചനത്തെ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ജീവിതത്തിന്റെ അനുഭവതലത്തിലേക്ക് വചനത്തെ കൊണ്ടുവരുമ്പോള്‍ മാത്രമാണ് നാം അനുഗൃഹീതരാകുന്നത്. സാമൂഹിക തിന്മകള്ക്കെതിരേ ശക്തമായി സഭയ്ക്ക് നിലനില്ക്കാന് കഴിയണം.
ലോകം വെല്ലുവിളി നിറഞ്ഞതാണ്. അത്തരം വെല്ലുവിളികളെ നേരിടാന്‍ സഭ തയാറാകണം. ലഹരി, അക്രമണങ്ങള്‍ തുടങ്ങിയവ സാമൂഹ്യ-ജാതി-മത മേഖലകളില്‍ വികലമായ അനുഭവം ഉണ്ടാക്കുന്നു. ഇതിനെതിരേ ക്രിസ്തുവില്‍ ആശ്രയിച്ച് എതിര്‍ത്ത് നില്ക്കുവാന് നമുക്ക് കഴിയണം. നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം വിവേകത്തോടെ ഉപയോഗിക്കേണ്ടത് ആവശ്യമാണ്. മാരാമണ്‍ കണ്‍വന്‍ഷന്റെ പാരമ്പര്യം പരിശുദ്ധിയുടെ പാരമ്പര്യമാണ്. ആ വിശുദ്ധിയില്‍ ഈ ലോകത്തില്‍ ജീവിക്കാന്‍ കഴിയണമെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.
കുടുംബങ്ങളുടെ നവീകരണം എപ്പോഴും സാധ്യമാകേണ്ടതാണ്. ഈ കാലത്തില്‍ ചില കാര്യങ്ങള്‍ നാം ജീവിതത്തില്‍ നിന്നു തള്ളിക്കളയേണ്ടത് ആവശ്യമാണ്. തകര്‍ന്നുപോയതിനെ തിരികെപ്പിടിക്കാന്‍ സാധിക്കണം. ധ്യാനം, പഠനം, പ്രാര്‍ഥന, വചനവ്യാഖ്യാനം എന്നിവ നമ്മുടെ ജീവിതത്തില്‍ തിരികെപ്പിടിക്കണം. കുടുംബബന്ധങ്ങള്‍ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് മെത്രാപ്പോലീത്ത വിരല്‍ചൂണ്ടി. കുടുംബത്തിൽ രൂപപ്പെടുന്ന ആത്മീയത അനുസരണത്തിന്റെ ആത്മീയതയായി രൂപപ്പെടേണ്ടത് ആവശ്യമാണ്. ബന്ധങ്ങളുടെ നിര്‍മലത കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിയണം. തലമുറയുടെ രൂപീകരണം കുടുംബത്തിലൂടെ സാധ്യമാകണം. ആരാധനയും വചനവും തലമുറകളിലേക്ക് പങ്കുവയ്ക്കേണ്ടത് ആവശ്യമാണെന്നും ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഡോ. ഐസക് മാര്‍ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
രാജ്യത്തും ജീവിതത്തിലെ സമസ്ത മേഖലകളിലും അഴിമതിയുടെ തേരോട്ടം ശക്തമാകുന്ന കാലഘട്ടത്തില്‍ ദൈവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പ്രതിരോധ സംസ്കാരം തീര്‍ക്കുന്നതിനും വ്യത്യസ്ത സമൂഹമായി നിലനില്ക്കാനും കഴിയണമെന്ന് ഡോ. പോള്‍ സ്വരൂപ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
വേദഭാഗത്തില്‍ ദാനിയേലിന്റെ ജീവിതം അന്നത്തെ നിലവില്‍ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ ബോധങ്ങള്‍ക്ക് പ്രതിരോധ സംസ്കാരം തീര്‍ക്കുന്നതും അഴിമതി തിങ്ങി നിറഞ്ഞ അനുഭവത്തിന്റെ മധ്യത്തില്‍ നീതിയുടെ പക്ഷം ചേരുന്നതും ആയിരുന്നു. ദാനിയേല്‍ ദൈവത്തിന്റെ ആത്മാവ് നിറഞ്ഞവന് ആയിരുന്നതിനാല്‍ ജീവിതത്തില്‍ സത്യസന്ധതയും വിശ്വസ്തതയും വച്ചുപുലര്‍ത്തിയിരുന്നു. ഭരണത്തിലുള്ള വിശ്വസ്തത, അവന്റെ അച്ചടക് സ്വഭാവം രാജാവിന്റെയും ദൈവത്തിന്റെയും പ്രീതി സമ്പാദിക്കുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ നടന്ന യോഗത്തില്‍ ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിച്ചു. കോഴഞ്ചേരി, മാരാമണ്‍, ചിറയിറമ്പ് മാര്‍ത്തോമ്മാ പള്ളികളില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് എപ്പിസ്കോപ്പമാര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കണ്വന്ഷന് പന്തലില്‍ ആരാധനയും നടന്നു.
District News
തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വിളിച്ച് മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോ കാണിക്കാന്‍ ശ്രമിച്ചയാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി സ്വദേശി മധുരത്തില്‍ വീട്ടില്‍ അജേഷ് (45) ആണ് പുളിക്കീഴ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്തിനായിയിരുന്നു കേസിനാസ്പദമായ സംഭവം.
കേസ് രജിസ്റ്റര്‍ ചെയ്തതിനേ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ കരുവാറ്റയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസഐ നൗഫൽ, എസ്സിപിഒ മനോജ്, സിപിഒ അനൂപ് എന്നിവര്‍ അടങ്ങിയ സംഘമാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
District News
പത്തനംതിട്ട: ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സിറ്റിംഗ് എംഎൽഎമാരെ തന്നെ കളത്തിലിറക്കാൻ എൽഡിഎഫ് . സ്ഥാനാർഥികളെ സംബന്ധിച്ചു തീരുമാനമായിട്ടില്ലെങ്കിലും ഇപ്പോഴത്തെ നിലയിൽ സിറ്റിംഗ് എംഎൽഎമാർ തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിനിധീകരിക്കുന്ന അടൂരിൽ മാത്രമേ സ്ഥാനാർഥിയെ സംബന്ധിച്ചു ചിലപ്പോൾ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. സിപിഐയുടെ മണ്ഡലമായ അടൂരിൽ 2011 മുതൽ ചിറ്റയം ഗോപകുമാർ ജനപ്രതിനിധിയാണ്. മൂന്ന് ടേം ആയ സ്ഥിതിക്കും നിലവിൽ സിപിഐ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിക്കുന്നതിനാലും ഇനി സ്ഥാനാർഥിത്വം നൽകണമോയെന്നതു സംബന്ധിച്ച് ആലോചന നടക്കുന്നതേയുള്ളൂ.
കഴിഞ്ഞതവണ രണ്ടു ടേം പൂർത്തീകരിച്ചവർക്ക് സിപിഎമ്മും സിപിഐയും സീറ്റ് നിഷേധിച്ചിരുന്നു. എന്നാൽ ഇത്തവണ വിജയം മാത്രം മാനദണ്ഡമാക്കി ടേം വ്യവസ്ഥ ഒഴിവാക്കാനാണ് സിപിഎം ആലോചന. സിപിഐ ഇക്കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
സിപിഎം മത്സരിക്കുന്ന ആറന്മുളയിലും കോന്നിയിലും സിറ്റിംഗ് എംഎൽഎമാരായ വീണാ ജോർജും കെ.യു. ജനീഷ് കുമാറും തുടരാനാണ് സാധ്യത. മന്ത്രി വീണാ ജോർജ് പൂർണമായി രണ്ട് ടേം പൂർത്തീകരിച്ചുവെങ്കിലും വിജയസാധ്യത പരിഗണിച്ച് മാറ്റം വേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി. 2016ലാണ് വീണാ ജോർജ് ആദ്യമായി ആറന്മുളയിൽ മത്സരിച്ചത്. അന്ന് നേടിയതിലും തിളക്കമാർന്ന വിജയമാണ് 2021ൽ ഉണ്ടായത്.
കോന്നിയിൽ കെ.യു. ജനീഷ് കുമാർ 2019ലെ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2021ലെ പൊതു തെരഞ്ഞെടുപ്പിലും വിജയിച്ചു. ഒരു ടേം കൂടി ജനീഷ് സ്ഥാനാർഥിത്വം ഉറപ്പാക്കിയിട്ടുണ്ട്. സിറ്റിംഗ് എംഎൽഎമാർ തന്നെ മത്സരിക്കട്ടേയെന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റിയും സ്വീകരിച്ചിട്ടുള്ളത്.
ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായ മാത്യു ടി. തോമസ് തിരുവല്ലയിൽ വീണ്ടും ജനവിധി തേടും. 2006, 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ മാത്യു ടി. തോമസാണ് മണ്ഡലത്തിൽ നിന്നു വിജയിച്ചത്. മറ്റൊരു നിർദേശവും നിലവിൽ ജനതാദളും നൽകിയിട്ടില്ല. കേരള കോൺഗ്രസ് - എം പ്രതിനിധിയായ പ്രമോദ് നാരായൺ റാന്നിയിൽ രണ്ടാം ടേമിലേക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്. സിറ്റിംഗ് മണ്ഡലമെന്ന നിലയിൽ മുന്നണിയിൽ കാര്യമായ ചർച്ച കൂടാതെ കേരള കോൺഗ്രസ് -എം തന്നെ റാന്നിയിൽ മത്സരിക്കും.
മണ്ഡലങ്ങളിൽ വികസന സന്ദേശ യാത്രകൾ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ട് സിറ്റിംഗ് എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ വികസന സന്ദേശ യാത്രകൾ. എൽഡിഎഫിന്റെ മധ്യമേഖല പ്രചാരണ ജാഥയ്ക്കു പിന്നാലെയാണ് മുന്നണി നിർദേശപ്രകാരം വികസന സന്ദേശജാഥകൾ നടക്കുന്നത്. കോന്നി, റാന്നി മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ പ്രചാരണ ജാഥകൾ തുടങ്ങിയത്.
നിയോജക മണ്ഡലങ്ങളിൽ എംഎൽഎമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണ ജാഥകൾ നടത്തുന്നത്. എൽഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികൾക്കാണ് ചുമതല.
കോന്നിയിൽ കെ.യു. ജനീഷ് കുമാർ എംഎൽഎയും റാന്നിയിൽ പ്രമോദ് നാരായണനുമാണ് ജാഥ നയിക്കുന്നത്. ആറന്മുള മണ്ഡലത്തിൽ മന്ത്രി വീണാ ജോർജ് വികസന സന്ദേശയാത്രയ്ക്കു നേതൃത്വം നൽകും. 17നു രാവിലെ കുന്പഴയിൽ നിന്നും ജാഥ ആരംഭിക്കും.
അടൂരിൽ ചിറ്റയം ഗോപകുമാറും തിരുവല്ലയിൽ മാത്യു ടി. തോമസുമാണ് യാത്ര നയിക്കുന്നത്. അടൂരിലെ ജാഥ 17നും തിരുവല്ലയിൽ 16നുമാണ് ആരംഭിക്കുന്നത്. 20 ഓടെ എല്ലാ മണ്ഡലങ്ങളിലെയും ജാഥകൾ പൂർത്തിയാകുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല പറഞ്ഞു.
District News
വെച്ചൂച്ചിറ: യുനെസ്കോയുടെ സഹകരണത്തോടെ ഫിഫ നടപ്പിലാക്കുന്ന ഫുട്ബോൾ ഫോർ സ്കൂൾ പരിപാടിയുടെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യയിൽ നടപ്പിലാക്കുന്ന ഫുട്ബോൾ ഫോർ സ്കൂൾ പ്രോഗ്രാമിലെ ഫുട്ബോൾ വിതരണ പദ്ധതി വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലയിലെ അമ്പതോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ, അധ്യാപകർ, നവോദയ വിദ്യാലയത്തിലെ പ്രിൻസിപ്പൽ, അധ്യാപകർ, വിദ്യാർഥികൾ, സ്റ്റാഫ് അംഗങ്ങൾ,രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എസ്. രമാദേവി പ്രസംഗിച്ചു.
District News
ചിറ്റാർ: കെ. യു. ജനീഷ് കുമാർ എംഎൽഎ ക്യാപ്റ്റനായി കോന്നി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ആങ്ങമൂഴിയിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. പി.ജെ. അജയകുമാർ മാനേജരും സന്തോഷ് കൊല്ലമ്പാടി വൈസ് ക്യാപ്റ്റനുമായ ജാഥ മണ്ഡല പര്യടനത്തിനുശേഷം നാളെ കുമ്മണ്ണൂരിൽ സമാപിക്കും.
ശ്യാം ലാൽ, ആർ. തുളസിധരൻ പിള്ള, പ്രഫ. കെ മോഹൻ കുമാർ, എം. എസ്. രാജേന്ദ്രൻ,
ആർ. ബി. രാജീവ് കുമാർ, എ.ദീപകുമാർ, ആർ. സുഭാഷ് കുമാർ, വി.കെ.സന്തോഷ് കുമാർ
രാജു നെടുവംപുറം, അഞ്ജു എസ്.അരവിന്ദ്, അനിലപ്രദീപ്, ബൈജു വടക്കേപുറത്ത്, സോമൻ പാമ്പായിക്കോട്, സജി മോൻ, കെ.ജി രാമചന്ദ്രൻപിള്ള, മേഴ്സി തോമസ് എന്നിവർ ജാഥയിൽ സ്ഥിരാംഗങ്ങളാണ്. സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
District News
പത്തനംതിട്ട: ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടി കോർപറേറ്റവൽകരണം നടപ്പാക്കാൻ സഹായിക്കുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനെതിരേ ഐഎംഎ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ഡിഎംഒ ഓഫീസ് ധർണ നടത്തി. വൻകിടആശുപത്രികൾക്ക് ബാധാകമാകാത്തതും ചെറുകിട ഇടത്തരം ആശുപത്രികളുടെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നതുമായ ആക്ട് ഭേദഗതി ചെയ്യണമെന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.
ചെറിയ ആശുപത്രികളെ പഞ്ചാബ്, ഹരിയാന, യുപി, ഛത്തിസ്ഗഡ് മാതൃകയിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിൻന്റെ പരിധിയിൽ നിന്നു ഒഴിവാക്കണമെന്നും ആക്ടിന്റെ പരിധിയിൽ വരാത്ത കൺസൾട്ടേഷൻ സർവീസ് മാത്രം ചെയ്യുന്ന സ്ഥാപനങ്ങളെ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു ശല്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ധർണയിൽ ഐഎംഎ ജില്ലാ ചെയർമാൻ ഡോ.എ. രാമലിംഗം അധ്യക്ഷത വഹിച്ചു. മുൻ ദേശീയ പ്രസിഡന്റ് ഡോ. ആർ. വി. അശോകൻ ഉദ്ഘാടനം ചെയ്തു . കൺവീനർ എൻ. മുരളീക്യഷ്ണൻ, ടി. ജി. വർഗീസ് , ജോസ് ഏബ്രഹാം , മാത്യു വർഗീസ്, വിജയകുമാർ, കൃഷ്ണവേണി, ബിലയ് ഭാസ്ക്കർ, സ്റ്റാൻലി, മനു എന്നിവർ പ്രസംഗിച്ചു.
District News
തിരുവല്ല: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം തിരുവല്ല റെയിൽവേ സ്റ്റേഷനിലെ വികസന പദ്ധതികൾ പൂർത്തിയായി വരുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ലോക്സഭയിൽ ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഏഴ് റെയിൽവേ സ്റ്റേഷനുകളുടെ വികസന പദ്ധതികളാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പൂർത്തിയാകുന്നത്.
രാജ്യത്തെ 1337 റെയിൽവേ സ്റ്റേഷനുകളുടെ വികസനമാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിലുൾപ്പെടുത്തിയത്. കേരളത്തിൽ നിന്നും തിരുവല്ല ഉൾപ്പടെ 35 റെയിൽവേ സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്.
തിരുവല്ല റെയിൽവേ സ്റ്റേഷന്റെ സ്റ്റേഷൻ ഓഫീസ് സമുച്ചയം, പ്രവേശന കവാടം, പോർച്ച്, പ്ലാറ്റ്ഫോം ഷെൽട്ടർ, വെയ്റ്റിംഗ് ഹാൾ, ബുക്കിംഗ് ഓഫീസ്, പാർക്കിംഗ് ആൻഡ് അപ്രോച്ച് റോഡ്, ഭിന്നശേഷിക്കാർക്കുള്ള സംവിധാനങ്ങൾ, സൈൻ ബോർഡുകൾ, അനൗൺസ്മെന്റ് സംവിധാനം, കോച്ച് ഗൈഡൻസ് ബോർഡ്സ്, ലൈറ്റ് എന്നിവയുടെ പണികൾ പൂർത്തിയായി. ആറു മീറ്റർ വീതിയുള്ള ഫുട് ഓവർ ബ്രിഡ്ജിന്റെ പണികൾ തുടങ്ങിയതായും മന്ത്രി മറുപടിയിൽ വ്യക്തമാക്കി.
District News
കൂടൽ: വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നെടുത്ത കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിന തടവും 6000 രൂപ പിഴയും ശിക്ഷ. കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിയായ പുത്തന്‍വീട്ടില്‍ അനൂപ് (23) നെയാണ് പത്തനംതിട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കാര്‍ത്തിക പ്രസാദ് ശിക്ഷ വിധിച്ച് ഉത്തരവായത്. 2025 ഏപ്രില്‍ 25 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അടുക്കളയില്‍ നിന്നു വീട്ടുമുറ്റത്തേക്ക് ഇറങ്ങുകയായിരുന്ന കലഞ്ഞൂര്‍ കഞ്ചോട് സ്വദേശിനി പുത്തന്‍പുരയ്ക്കല്‍ മേരിക്കുട്ടി മാത്യു ( 76) ന്റെ കഴുത്തില്‍ കിടന്ന രണ്ട് പവന്റെ സ്വർണമാല കവര്‍ന്നെടുക്കുകയായിരുന്നു.
കൂടല്‍ എസ്ഐ അനില്‍കുമാർ, സീനിയര്‍ സിപിഒ ടെന്നിസണ്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ഈ കേസിലെ പ്രതിയായ അനൂപ് നിരവധി കേസുകളില്‍ പ്രതിയും കാപ്പാക്കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം ആര് രാജ്മോഹന്‍ ഹാജരായി.
സിവില്‍ പോലീസ് ഓഫീസര്‍ അര്ജുന് പ്രോസിക്യൂഷന് സഹായിയായി.
District News
മാരാമൺ: ഭിന്നിച്ചു നിൽക്കുന്ന സഭയ്ക്ക് ക്രിസ്തീയ സാക്ഷ്യം ലോകത്തിൽ നിർവഹിക്കാനാകില്ലെന്ന് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ശബ്ദത്തിൽ സഭയെ ഒന്നിപ്പിച്ചു നിർത്തേണ്ട ചുമതല സഭകൾക്കാണെന്നും സഫ്രഗൻ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
ദൈവജനം ഒന്നായിത്തീരുവാന്‍ വേണ്ടി ക്രിസ്തു തന്റെ ശരീരരക്തങ്ങള്‍ വിശുദ്ധ കുർബാനയായി ലോകത്തിനു നല്കി. എന്നാല്‍ കുർബാനയുടെ പേരില്‍ സഭ ഇന്ന് പരസ്പരം വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഭിന്നതയില്‍ നിന്ന് ഐക്യത്തിലേക്കും ചിതറിയ അവസ്ഥയില്‍ നിന്ന് കൂടിച്ചേരലിലേക്കും ദൈവസ്വഭാവമായ നീതി നമ്മില്‍ പ്രതിഫലിക്കണം.
വേദവിപരീതങ്ങള്‍ വർധിച്ചുവരുമ്പോള്‍ ഉണര്ന്നിരിപ്പാനും നിര്മദരായിരിപ്പാനും വിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാക്കാനുമുള്ള നിയോഗമാണ് നമുക്കുള്ളത്. സഭയും സമൂഹവും വ്യക്തികളും ദൈവഭയമില്ലാത്തവരായി മാറിയിരിക്കുകയാണ്. മതതീവ്രത വര്‍ധിച്ചുവരികയാണ്. ഇവയുടെ നടുവില്‍ മതാതീത മാനവികത കൈവരിക്കുവാന്‍ നമുക്കിടയാകണം.
ഇന്നരങ്ങേറുന്ന കൊലപാതകങ്ങള്‍ക്കും സാമൂഹിക പ്രശ്നങ്ങള്‍ക്കും പിന്നില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കാരണമായി വര്‍ത്തിക്കുന്നു. സാമൂഹിക ഇടപാടുകളിലെല്ലാം തിന്മ പടരുന്നു.
അതിനു നടുവില്‍ പ്രവാചകശബ്ദമായി നില്‍ക്കേണ്ട സഭ മൗനമായി പോകുന്നു. ദൈവമുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടവരാണ് നാമെന്നതു മറക്കരുതെന്നും സഫ്രഗൻ മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
വർഗീയത സമൂഹഭദ്രത തകർക്കും
എല്ലാ മതങ്ങളെയും തുല്യമായി കാണുന്നതാണ് ഇന്ത്യയുടെ മതേതരത്വം. ലോകത്തിനു മുന്പിൽ നാം അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കല്പത്തിന്റെ മേൻമയും ഇതാണെന്ന് ജോസഫ് മാർ ബർണബാസ് പറഞ്ഞു. എന്നാൽ വർധിച്ചുവരുന്ന വർഗീയത സമൂഹഭദ്രതയെ തകർക്കും. വോട്ടിനുവേണ്ടി മതവിശ്വാസം ഉപയോഗപ്പെടുത്തി ജനത്തെ വിഭജിക്കരുത്. മതാതീത മാനവികത നാം ഉയർത്തിപ്പിടിക്കണം. മൂന്നു ശതമാനം മാത്രമായ ഭാരതത്തിലെ ക്രൈസ്തവർക്ക് രാജ്യത്തു ഭാരിച്ച ഉത്തരവാദിത്വമുണ്ട്. ബോലോ ഭാരത് മാതാ കീ ജെയ് വിളിക്കാൻ ക്രൈസ്തവനും കഴിയും.
സ്നേഹിക്കാനും ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കാനുമാണ് ക്രിസ്തു പഠിപ്പിച്ചത്. മഹാത്മാഗാന്ധി നമുക്കു പകർന്നു നൽകിയ സന്ദേശവും ഇതാണ്. ലോകമേ തറവാട്, വസുധൈവ കുടുംബം എന്നീ ഉത്കൃഷ്ട സന്ദേശങ്ങൾ ലോകത്തിനു പകർന്നു നൽകിയത് ഭാരതമാണ്. മഹത്തായ പാരന്പര്യം ഉയർത്തിപ്പിടിച്ച ഭാരതത്തിൽ ഇന്നിപ്പോൾ വിശ്വാസത്തിന്റെ പേരിൽ ചാണകം തീറ്റിക്കുന്ന സംഭവങ്ങൾ ആശങ്ക ഉളവാക്കുന്നവയാണ്.
കേരളത്തിൽ വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളിൽ അടക്കം ഭരണാധികാരികൾ നിസംഗത പാലിക്കുന്നു. ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം കൂടിവരുന്നു. ഇതുമൂലമുണ്ടാകുന്ന ആക്രമണങ്ങളും പ്രശ്നങ്ങളും യുവതലമുറയെ നാശത്തിലേക്കു കൊണ്ടുപോകുന്നു. പെരുകുന്ന ആത്മഹത്യ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്.
സത്യവിശ്വാസം ഉയർത്തിപ്പിടിച്ചു ജനത്തെ നന്മയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്വം സഭകൾ പ്രകടമാക്കണമെന്നും ജോസഫ് മാർ ബർണബാസ് പറഞ്ഞു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ യോഗത്തിൽ പങ്കെടുത്തു. യുവവേദി യോഗത്തിൽ ഫാ. ഡോ.അലക്സാണ്ടർ കുര്യനും വൈകുന്നേരത്തെ യോഗത്തിൽ റവ.ഡോ. മോളോ വിൽസണും പ്രസംഗിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ആലിനിന്റെ കുടുംബത്തിന് നന്ദി പറഞ്ഞ് മാരാമൺ
മസ്തിഷ്ക മരണം സംഭവിച്ച പിഞ്ചു കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്തതിലൂടെ ലോകത്തിനു തന്നെ മാതൃകയായ മല്ലപ്പള്ളിയിലെ കുടുംബത്തെ മാരാമൺ കൺവൻഷനിൽ സ്മരിച്ച് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത. അവയവദാനത്തിന്റെ മഹത്തായ സന്ദേശം ലോകത്തിന് ഈ കുടുംബം പകർന്നു നല്‍കുക മാത്രമല്ല, അതിലൂടെ നാലുപേർക്ക് സമൃദ്ധമായ ജീവൻ പകർന്നു നൽകിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദുഃഖത്തിന്റെ തീവ്രതയ്ക്കിടയിലും ഇത്തരത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനും അവർക്ക് കഴിഞ്ഞുവെന്നത് ദൈവിക ഇടപെടലായി കാണുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
District News
മാരാമൺ: ദൈവരാജ്യത്തിന്റെ ശുശ്രൂഷ ആയാസരഹിതമല്ല, മറിച്ച് അതൊരു ചാലകശക്തിയാണെന്ന് ഡോ. ക്ലിയോഫസ് ജെ. ലാറു. മാരാമൺ കൺവൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകം അതിന്റെ എല്ലാ പുതിയ സാധ്യതകളിലൂടെയും കടന്നുപോകുന്ന കാലത്ത്, മനുഷ്യന്റെ വേലയും ഇടങ്ങളും, കാഴ്ചകളും, കാഴ്ചപ്പാടുകളും പുനഃക്രമികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. കൊയ്ത്ത് വളരെയും വേലക്കാര്‍ വിരളവും എന്ന് ചിന്തിക്കുന്ന കാലത്ത്, അതിനെ ഒന്ന് പുനര്‍വായന ചെയ്യേണ്ടത് നമ്മുടെ കടമയാണ്. വേലക്കാര്‍ അനേകരെങ്കിലുംകൊയ്ത്തും വേലസ്ഥലങ്ങളും ഉണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ശുശ്രൂഷയില്‍ സംഘര്‍ഷങ്ങള്‍ ആദ്യനാളുകളില്‍ ഉണ്ടാവുക സ്വഭാവികമാണ്. എന്നിരുന്നലും കൊഴിഞ്ഞുപോകുന്ന ഇടങ്ങളില്‍ കൊയ്ത്തായി മാറുകയെന്നത് ക്രൈസ്തവ ധർമമാണെന്ന് ക്ലിയോഫസ് ജെ. ലാറു പറഞ്ഞു.
ഭവനങ്ങളിലും ക്രിസ്തുവഴികളിലും ഉറച്ചു നിൽക്കാനും ക്രിസ്താനുഭവങ്ങളോടു പൊരുത്തപ്പെടാനും ദൈവരാജ്യ ശുശ്രൂഷ കാരണമാകണം. കഴിവുകള്‍ക്കും സാഹചര്യങ്ങള്‍ക്കും അപ്പുറം അതിനോടുചേരുവാനും പുതുസാക്ഷ്യമാതൃകകളും അനേകരെ ചേര്‍ക്കുന്ന അനുഭവം ഉണ്ടാകുവാനും സാധിക്കണം.
ജീവിതങ്ങള്‍ ദൈവകരങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനോഹരപാത്രമായി തീരും. അത് സമര്‍പ്പണത്തിന്റെ ചിന്തയിലും മനസിലും ചേർക്കുമ്പോള്‍ പുതുവാതായനങ്ങള്‍ തുറക്കപ്പെടും. മനോഹരമായ സാക്ഷികളായി തീരുമ്പോൾ, അനേകരില്‍ വെളിച്ചം പുലരുമെന്ന് ഡോ. ക്ലിയോഫസ് അഭിപ്രായപ്പെട്ടു. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
District News
മാരാമൺ: ഒരാഴ്ചയായി പമ്പാ മണൽപ്പുറത്തു നടന്നുവന്ന 131 -ാമത് മാരാമൺ കൺവൻഷൻ ഇന്നു സമാപിക്കും. കൺവൻഷനിൽ ഇന്നലെ നടന്ന യോഗങ്ങളിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. പകലത്തെ യോഗങ്ങളിൽ പന്തൽ നിറഞ്ഞ് ജനസഞ്ചയമായിരുന്നു.
ഇന്നു രാവിലെ 7.30ന് കോഴഞ്ചേരി, മാരാമൺ, ചിറയിറന്പ് മാർത്തോമ്മാ പള്ളികളിൽ കൺവൻഷനോടനുബന്ധിച്ച് സഭയിലെ എപ്പിസ്കോപ്പമാരുടെ കാർമികത്വത്തിൽ കുർബാന അർപ്പിക്കും.
9.30ന് കൺവൻഷൻ പന്തലിൽ ആരാധന ആരംഭിക്കും. പത്തിനു നടക്കുന്ന യോഗത്തിൽ ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് സമാപന യോഗത്തിൽ ബിഷപ് ഡോ.പോൾ സ്വരൂപ് പ്രസംഗിക്കും. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും.
കെഎസ്ആർടിസി സ്പെഷൽ സർവീസ്
മാരാമൺ കൺവൻഷനോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസുകൾ ഇന്നും തുടരും. കോഴഞ്ചേരി, മാരാമൺ കരകളിൽ താത്കാലിക ഓപ്പറേറ്റിംഗ് സെന്ററുകൾ കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. കൺവൻഷനിലേക്ക് തിരക്ക് വർധിച്ചതോടെ ഇന്നലെ കൂടുതൽ സർവീസുകൾ നടത്തി.
പത്തനംതിട്ട, ഇലവുംതിട്ട, കടമ്മനിട്ട, റാന്നി, ചെങ്ങന്നൂർ,അടൂർ ഭാഗങ്ങളിലേക്കുള്ള സർവീസുകൾ കോഴഞ്ചേരി കരയിൽ നിന്നാണ്. ഓതറ, മല്ലപ്പള്ളി, വാളക്കുഴി, തടിയൂർ, കല്ലിശേരി തുടങ്ങിയ സർവീസുകൾ മാരാമൺ ഭാഗത്തു നിന്നുമാണ് ക്രമീകരിച്ചിട്ടുള്ളത്.
District News
അയിരൂർ: 114 - മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഇന്നു മുതൽ 22 വരെ പമ്പാ മണൽപ്പുറത്ത് ശ്രീ വിദ്യാധിരാജ നഗറിൽ നടക്കും. പത്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും പത്തനംതിട്ട എഴുമറ്റൂർ ശ്രീ പരമ ഭട്ടാരക ആശ്രമത്തിൽ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിൽ നിന്നുള്ള പതാക ഘോഷയാത്രയും സമന്വയിച്ച് ശ്രീവിദ്യാധിരാജ നഗറിലേക്ക് എത്തിച്ചേരും. തുടർന്ന് പ്രസിഡന്റ് പി.എസ് .നായർ പതാക ഉയർത്തുന്നതോടെ പരിഷത്തിന് തുടക്കമാകും.
ഉച്ചകഴിഞ്ഞ് 3.45 ന് തിരുനാവായ മഹാമാഘ മഹോത്സവ പരാമചര്യൻ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്യും. വാഴൂർ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. 16 ന് രാവിലെ 10 ന് വാൽമീകി രാമായണ സമീക്ഷ സമാരംഭം, 17 ന് 3.30ന് പരിസ്ഥിതി കാർഷിക സമ്മേളനം സ്വാമി ചിദാനന്ദപുരി മഹാരാജ് ഉദ്ഘാടനം ചെയ്യും.
18 ന് 3.30ന് അയ്യപ്പഭക്ത സമ്മേളനം പന്തളം രാജപ്രതിനിധി പുണർതം തിരുനാൾ നാരായണവർമ ഉദ്ഘാടനം ചെയ്യും. 19 ന് 3 30ന് സാംസ്കാരിക സമ്മേളനം മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 20 ന് രാവിലെ 10 ന് ഭട്ടാരകോത്സവം, 3.30 ന് ആചാര്യ സ്മൃതി സമ്മേളനം,
21 നു മൂന്നിന് വനിതാ സമ്മേളനം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.സമാപന ദിവസമായ 22ന് രാവിലെ 10 ന് ബാലമഹാ സമ്മേളനം ബാലതാരം ശ്രീപത് യാൻ ഉദ്ഘാടനം നിർവഹിക്കും.
വൈകുന്നേരം നാലിന് സമാപന സമ്മേളനം കേന്ദ്ര മന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്യും. വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മന്ത്രി രമേശ് ചെന്നിത്തല മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന്ചരിത്ര നാടകവും ഉണ്ടായിരിക്കും.
പ്രയാണ ഘോഷയാത്രകൾ തുടങ്ങി
ചെറുകോൽപ്പുഴ വിദ്യാധിരാജ നഗറിലേക്കുള്ള ജ്യോതി പ്രയാണ ഘോഷയാത്ര ചട്ടമ്പി സ്വാമികളുടെ മഹാ സമാധി കുടികൊള്ളുന്ന കൊല്ലം പത്മന ആശ്രമത്തിൽ നിന്നും ആരംഭിച്ചു. ആശ്രമ മഠാധിപതി സ്വമി കൃഷ്ണമയാനന്ദ തീർഥപാദ പകർന്നു നൽകിയ ദീപം ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ. ഹരിദാസും ജനറൽ കൺവീനർ ജി. ഷ്ണകുമാറും ഏറ്റുവാങ്ങി.
വിവിധ ക്ഷേത്രങ്ങളിലെയും കരയോഗങ്ങളിലെയും സ്വീകരണങ്ങൾക്കുശേഷം ഇന്നലെ യാത്ര തേവലശേരിയിലെത്തി. ഇന്നു രാവിലെ മാരാമൺ, , ചെട്ടിമുക്ക്, പുല്ലാട്, പളിമുക്ക്, കാഞ്ഞീറ്റുകര വഴി 11ന് ചെറുകോൽപ്പുഴയിലെത്തും.
അയിരൂർ - ചെറുകോൽപുഴ ഹിന്ദുമത പരിഷത്ത് നഗറിൽ സ്ഥാപിക്കുവാനുള്ള ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ഛായാചിത്രം എഴുമറ്റൂർ പരമ ഭട്ടാരാകാശ്രമത്തിൽ വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദതീർഥപാദരിൽ നിന്നും ജനറൽ കൺവീനർമാരായ പ്രകാശ് ചരളേൽ, കെ.ജയവർമ എന്നിവർ ഏറ്റുവാങ്ങി. ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ജി.രാജ്കുമാർ അധ്യക്ഷത വഹിച്ചു.
സമ്മേളനം ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് ഹിന്ദു അസോസിയേഷൻ പ്രസിഡന്റ് ഡോ. ഗോപാൽ കെ.നായർ , എസ്എൻഡിപി ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പതാകഘോഷയാത്ര അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ നിന്നും ഇന്നു രാവിലെ 9.30ന് പുറപ്പെടും.
District News
മല്ലപ്പള്ളി: അവയവദാനത്തിലൂടെ ചരിത്രത്തിലേക്കും അതുവഴി അനേകരുടെ സ്മരണകളിലും സ്ഥാനം നേടിയ ആലിൻ ഷെറിൻ ഏബ്രഹാമിന് ഇന്ന് മല്ലപ്പള്ളി യാത്രാമൊഴിയേകും. പത്തുമാസത്തെ ജീവിതത്തിനുശേഷം കടന്നുപോകുന്ന ആലിൻ നാലുപേരിലൂടെ ഇനി ജീവിക്കുമെന്നതാണ് ജന്മനാടിന് ആശ്വാസം.
മല്ലപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് റെജി ശാമുവേലിന്റെ പേരക്കുട്ടിയാണ് ആലിൻ. മാതാപിതാക്കളായ അരുണിന്റെയും ഷെറിന്റെയും താത്പര്യപ്രകാരം പിഞ്ചുകുട്ടിയുടെ അവയവങ്ങൾ നാലുപേർക്കായാണ് ദാനം ചെയ്തിരിക്കുന്നത്. മല്ലപ്പള്ളിയിലെ ജോർജ് മാത്തൻ മിഷൻ ആശുപത്രിയിലും മല്ലപ്പള്ളി വെസ്റ്റ് മലയാറ്റൂർ വാലുമണ്ണിൽ വീട്ടിലും നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലുമായാണ് പൊതുദർശനം.
ജനപ്രതിനിധികളടക്കം വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാനെത്തും. പള്ളിയിൽ സംസ്കാര ശുശ്രൂഷയ്ക്കു മുന്‍പായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും കുഞ്ഞ് ആലിന് നൽകുന്നുണ്ട്.
District News
പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94 ാമത് ഓർമപ്പെരുന്നാൾ സമാപിച്ചു. പെരുന്നാളിന്റെ സമാപനദിവസമായിരുന്ന ഇന്നലെ പുലർച്ചെ മാർ സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോന്‍ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ കുർബാന നടന്നു.
ദയറാ കത്തീഡ്രലിൽ പുലർച്ചെ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഏലിയാസ് മാർ യൂലിയോസ്, ഐസക് മാർ ഒസ്താത്തിയോസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായിരുന്നു.
അമേരിക്കൻ ഭദ്രാസന ആർച്ച് ബിഷപ് യൽദോ മാർ തീത്തൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ പെരുന്നാൾ വിശുദ്ധ കുർബാന നടന്നു. തുടർന്ന് പാത്രിയർക്കീസ് ബാവയുടെ കബറിങ്കലും മഞ്ഞനിക്കര കത്തീഡ്രലിലെ ഇതര കബറുകളിലും ധൂപാർപ്പണം നടന്നു. റാസ, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.
District News
പന്തളം: കുരമ്പാലയിൽ ഏഴുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ എംസി റോഡിലെ കുരന്പാലയിലാണ് നായ ആളുകളെ കടിച്ചത്. പന്തളം, കുരമ്പാല , പ്ലാംകൂട്ടത്തിൽ രത്നമ്മ (53), കുരമ്പാല , മുളനിൽക്കുന്നതിൽ രാഘവൻ ( 61), കരമേൽ വീട്ടിൽ, ഗോപിനാഥൻ നായർ (82), ഇന്ദിരയമ്മ (61), ശ്രീകുമാരി (55) അനിൽ ഭവനിൽ ഗോപാലകൃഷ്ണൻ (60), കുന്നത്ത യ്യത്ത് ശ്യാമള (55) എന്നിവർക്കാണ് നായയുടെ കടിയേറ്റത്.
ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഘടിച്ച നാട്ടുകാർ തല്ലിക്കൊന്ന നായക്ക് വിദഗ്ധ പരിശോധനയിൽ നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവല്ലയിലാണ് പരിശോധന നടത്തിയത്. കടിയേറ്റ മുഴുവൻ ആളുകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
District News
കുന്നന്താനം: മാടപ്പള്ളിയിലും സമീപപ്രദേശങ്ങളിലും സിൽവർ ലൈനിനുവേണ്ടി മഞ്ഞക്കുറ്റി സ്ഥാപിക്കാൻ വന്ന പോലീസ് സംഘത്തെ പ്രതിരോധിച്ചതിന്റെ പേരിൽ തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അടക്കമുള്ളവർക്ക് ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
2022 മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കെ - റെയിൽ സിൽവർ ജനകീയ സമിതി പ്രവർത്തകർ മനുഷ്യമതിൽ തീർത്തുകൊണ്ടാണ് മഞ്ഞക്കുറ്റി സ്ഥാപിക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വന്ന വൻ പോലീസ് സംഘത്തെ ചെറുത്തത്. കുറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നു വന്നതോടെ സമാനതകളില്ലാത്ത അതിക്രമത്തിനാണ് പോലീസ് മുതിർന്നത്. വീട്ടുപടിക്കൽ മകളുമായി നിന്ന് റോസിലിൻ ഫിലിപ്പിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ചിത്രം ഏറെ വിവാദമായിരുന്നു.
ഇതേ തുടർന്നാണ് 28 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുപേർ ആരാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കോടതി കേസ് പരിഗണിച്ച ഘട്ടത്തിൽ നേരത്തേ പ്രതികൾ ജാമ്യം എടുത്തിരുന്നു. എന്നാൽ പിന്നീട് കേസ് പരിഗണിച്ച വേളയിൽ എല്ലാവരും ഒരുമിച്ച് ഹാജരാകാത്തതിനേ തുടർന്ന് 11 പേരുടെ ജാമ്യംറദ്ദാക്കി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജോസഫ് എം. പുതുശേരി അടക്കമുള്ളവർ കോടതിയിൽ ഹാജരായത്. വി. ജെ. ലാലി, ബി. രാധാകൃഷ്ണമേനോൻ, മിനി കെ. ഫിലിപ്പ്, തോമസ് ഫിലിപ്പ്, കെ. എസ്. ശശികല, ത്രേസ്യാമ്മാ സിബിച്ചൻ, കുഞ്ഞുമോൻ പള്ളിപ്പറമ്പിൽ, രമ്യ വിനോദ് എന്നിവർക്കാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. അഡ്വ. ബേസിൽ ജോസഫ് ഹാജരായി.
പദ്ധതി തന്നെ പിൻവലിച്ചുവെന്ന് പറയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം അന്യായമായി എടുത്തിട്ടുള്ള ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ ആവശ്യപ്പെട്ടു.
District News
പത്തനംതിട്ട: കോൺഗ്രസ് നേതാക്കളും എംപിമാരുമായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കെതിരേ സിപിഎം നടത്തുന്ന വ്യാജ പ്രചാരണം അവരുടെ നേതാക്കൾ കൊള്ള നടത്തി ജയിലിലായത് മറയ്ക്കുവാനാണെന്ന് ജില്ലയിലെ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം കുറ്റപ്പെടുത്തി.
സിപിഎം ഉന്നതരുടെ അറിവോടെയുള്ള വൻ ഗൂഢാലോചനയുടെ ഫലമായിട്ടാണ് ശബരിമലയിൽ നടന്ന സമാനതകളില്ലാത്ത സ്വർണക്കൊള്ളയും ആഗോള അയ്യപ്പ സംഗമ തട്ടിപ്പും നടന്നത്. അതിൽ നിന്നു പൊതുജന ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നേതാക്കൾക്കെതിരേ ഇപ്പോൾ നടത്തുന്ന പ്രചാരണം വിലപ്പോവില്ലെന്നും യോഗം മുന്നറിയിപ്പ് നല്കി.
27ന് ജില്ലയിൽ എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പുതുയുഗ യാത്രക്ക് അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളിലും നൽകുന്ന സ്വീകരണ പരിപാടികൾ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി സംഘടനാ കാര്യജനറൽ സെക്രട്ടറി സാമുവൽ കിക്കുപുറം അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എ. ഷംസുദീൻ, ഡിസിസി ജനറൽ സെകട്ടറിമാരായ സജി കൊട്ടക്കാട്, എലിസബത്ത് അബു, അബ്ദുൾ കലാം ആസാദ്,
ബ്ലോക്ക് പ്രസിഡന്റുമാരായ പ്രഫ. പി. കെ. മോഹൻ രാജ്, സക്കറിയ വർഗീസ്, റോജി പോൾ ഡാനിയേൽ, എബി മേക്കരിങ്ങാട്ട്, കെ. ശിവപ്രസാദ്, ആർ. ദേവകുമാർ, സിബി താഴത്തില്ലത്ത്, പ്രവീൺ പ്ലാവിളയിൽ, ബിനു വി. ഈപ്പൻ, ജിനു കളീയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
District News
പത്തനംതിട്ട: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഹിയറിംഗ് പൂർത്തിയായതിനു പിന്നാലെ ജില്ലയിൽ 93.8 ശതമാനം ഫോമുകൾ വിവിധ കാരണങ്ങളാൽ ശേഖരിക്കാനായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് വിഭാഗം.
2025 ഡിസംബര്‍ 23 ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി ആകെ വോട്ടര്‍മാരുടെ എണ്ണം 10,47,976 ആയിരുന്നു. എസ്ഐആര്‍ നടപടികളുടെ ഭാഗമായി നടത്തിയ ഫീല്‍ഡ് വെരിഫിക്കേഷനില്‍ 98,344 വോട്ടര്‍ ഫോമുകള്‍ ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തി. എസ്ഐആര്‍ നടപടിക്കു ശേഷം ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 9,49,632 ആണ്.
ശേഖരിക്കാന്‍ കഴിയാത്തതായി കണ്ടെത്തിയ ഏറ്റവും കൂടുതല്‍ വോട്ടര്‍ ഫോമുകള്‍ ആറന്മുള നിയമസഭാ മണ്ഡലത്തിലാണ്, 28,402 എണ്ണം. തിരുവല്ല 19,752, റാന്നി 19,071, കോന്നി 15,953, അടൂര്‍ 15,166 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ കണക്ക്.
മരണം, ആളുകളുടെ അഭാവം, കണ്ടെത്താനാകാതിരിക്കുക, സ്ഥിരമായ സ്ഥലംമാറ്റം, ഇതിനകം മറ്റ് സ്ഥലങ്ങളില്‍ എന്റോള്‍ ചെയ്തിരിക്കുക എന്നിവയാണ് ശേഖരിക്കപ്പെടാന്‍ കഴിയാത്ത ഫോമുകളുടെ പ്രധാന കാരണങ്ങളായി രേഖപ്പെടുത്തിയത്. തിരുവല്ല (9.37 ശതമാനം), റാന്നി (9.99 ശതമാനം), ആറന്മുള (12.01 ശതമാനം), കോന്നി (7.98 ശതമാനം), അടൂര്‍ (7.23 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.
ജില്ലയില്‍ ആകെ 9.38 ശതമാനം ഫോമുകള്‍ വിവിധ കാരണത്താല്‍ ശേഖരിക്കപ്പെടാന്‍ കഴിയാത്തതായി സ്ഥിരീകരിച്ചു. എസ്ഐആര്‍ നടപടിക്ക് ശേഷം ജില്ലയിലെ 9,49,632 വോട്ടര്‍മാരില്‍ നോ മാപ്പിംഗ് വിഭാഗത്തിലെ 73,766 കേസുകളിലും ലോജിക്കല്‍ ഡിസ്ക്രപന്സീസ് വിഭാഗത്തില്‍ 90,462 കേസുകളിലും ഹിയറിംഗ് പൂര്‍ത്തിയായി. 30,194 കേസുകളില്‍ ക്ലെയിംസ് ആൻഡ് ഒബ്ജക്ഷന് ഫോം വന്നിട്ടുള്ളതും 20,338 കേസുകളില്‍ ഇ റോള്‍ അപ്ഡേഷന് നടന്നിട്ടുമുണ്ട്.
ഫോം പ്രോസസിംഗുമായി ബന്ധപ്പെട്ട് 1,40,252 ഫോമുകള്‍ ലഭിച്ചു. ഇതില്‍ 1,27,912 ഫോമുകള്‍ പ്രോസസ് ചെയ്തു. 12,340 ഫോമുകൾ ഇപ്പോഴും അവശേഷിക്കുകയാണ്.
District News
പത്തനംതിട്ട: ഹരിത കര്‍മസേന ഒരുക്കുന്ന സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞത്തിന്റെ ഭാഗമായുള്ള ഫുഡ് സ്കേപ്പിംഗ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം കുലശേഖരപതിയിലെ ഔദ്യോഗിക വസതിയില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
നഗരസഭയുടെയും കൃഷി വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെയും സഹകരണത്തോടെ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയില്‍ 2025ലാണ് ജൈവകൃഷി ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ വഴുതന, തക്കാളി, പയര്‍ തുടങ്ങിയവ കൃഷി ചെയ്തിരുന്നു. രണ്ടാം ഘട്ടത്തില്‍ കാബേജ്, കോളിഫ്ളവര്‍ എന്നിവയായിരുന്നു പ്രധാന കൃഷി. മണ്ണുത്തി സര്‍വകലാശാല വിദ്യാര്‍ഥി ജയലക്ഷ്മിയാണ് തൈകള്‍ നല്‍കിയത്.
ഹരിതകര്‍മ സേന ശേഖരിച്ച് ഉറവിടത്തില്‍ തന്നെ സംസ്കരിച്ചു തയാറാക്കിയ ജൈവവളവും നഗരസഭയുടെ ജൈവവളമായ പാം ബയോ ഗ്രീന്‍ മാന്വറുമാണ് കൃഷിക്ക് ഉപയോഗിച്ചത്.
എല്ലാ ദിവസവും വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഹരിത കര്‍മസേനാംഗങ്ങള്‍ കൃഷിയിടം സന്ദര്‍ശിച്ച് പരിപാലനം ഉറപ്പാക്കും. നഗരസഭ ഹരിതശ്രീ ഫാര്‍മേഴ്സ് ക്ലബിന്റെ സഹയവുമുണ്ട്.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യൂ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആലിയ ഫര്‍സാന, കൃഷി ഓഫീസര്‍ എൽ. ഷിബി, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
തൂവയൂർ: മാമ്പൂവ് മലയാളം ടീച്ചേഴ്സ് സ്കില്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ സെപ്റ്റംബർ 27ന് സംസ്ഥാന തലത്തിൽ നടത്തിയ ഭാഷാപ്രതിഭ പുരസ്കാര പരീക്ഷാ വിഭാഗം നാലിൽ തുവയൂർ ഇൻഫന്റ് ജീസസ് സെൻട്രൽ സ്കൂൾ വിദ്യാർഥിനി നേഹ എസ്. കൃഷ്ണന് ഒന്നാം സ്ഥാനം.
സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളിൽനടന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അംഗം കെ.പി. രാമനുണ്ണിയിൽ നിന്നു നേഹാ പുരസ്കാരം ഏറ്റുവാങ്ങി. സ്കൂൾ ബർസർ ഫാ. ഡോ.ശാമുവൽ പായിക്കാട്ടേത്ത്, പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, അധ്യാപകർ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
തുവയൂർ സൗത്ത് ശ്രീഹരിയിൽ സനേഷ് കൃഷ്ണന്റെയും പാർവതിയുടെയും മകളാണ് നേഹ. ഗിന്നസ് വേൾഡ് റെക്കോർഡ്, യുആർഎഫ് വേൾഡ് റെക്കോർഡ്, ഉജ്ജ്വല ബാല്യം അവാർഡ്, ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാം വേൾഡ് റെക്കോർഡ് എന്നീ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
District News
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് ഇവിഎം, വിവി പാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം പരിചയപ്പെടുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സജ്ജീകരിച്ച ഡെമോണ്സ്ട്രേഷന് വാന്‍ കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു.
വോട്ടിംഗ് മെഷീന് പരിചയപ്പെടാനുള്ള അവസരം വോട്ടര്‍മാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഓഡിയോ-വിഷ്വല്‍ ഉപകരണം ഘടിപ്പിച്ച ഡെമോണ്സ്ട്രേഷന് വാന്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പര്യടനം നടത്തും.
ഇവിഎം, വിവി പാറ്റ് പ്രവര്‍ത്തനം പ്രദര്‍ശിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
District News
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം നേതൃത്വത്തിൽ 22 -മത് കിഴക്കൻ മേഖല ഓർത്തഡോക്സ് കൺവെൻഷൻ ഇന്നു മുതൽ 23 വരെ കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
ഇന്നു രാവിലെ 6.30 ന് കുർബാന. വൈകുന്നേരം നാലിന് നേതൃസംഗമത്തിൽ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും, തുടർന്ന് കൊടിയേറ്റ്. 6.30 ന് യുവജന ശുശ്രൂഷക സമ്മേളനത്തിൽ ഫാ. യാക്കോബ് തോമസ് റമ്പാൻ ക്ലാസ് നയിക്കും. 15നു രാവിലെ 6.30 ന് കുർബാന. പത്തിന് കൺവൻഷൻ ഉദ്ഘാടനം ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിക്കും. 11ന് സൺഡേസ്കൂൾ ബാലസംഗമം. ഫാ. ജോൺ സ്ലീബ നയിക്കും.
16നു രാവിലെ പത്തിന് സുവിശേഷ സംഘം പ്രാർഥനാ യോഗ സമ്മേളനത്തിൽ ഫാ. ഡോ. ജോർജ് ജോസഫ് ക്ലാസ് നയിക്കും. 12 .30ന് ശുബുക്കോനോ ശുശ്രൂഷ. 17 നു രാവിലെ 10ന് ഭദ്രാസന വൈദിക സമ്മേളനത്തിൽ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ക്ലാസ് നയിക്കും. ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 18നു രാവിലെ പത്തിന് മർത്തമറിയം വനിതാസമ്മേളനത്തിൽ പ്രഫ. മേരി മാത്യു ക്ലാസ് നയിക്കും. 19നു രാവിലെ 10ന് ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായിവിവിധ സ്ഥാപനങ്ങളിൽഉച്ചഭക്ഷണം വിതരണം.
20, 21 തീയതികളിൽ വൈകുന്നേരം 6.30 ന് വചനപ്രഘോഷണം. ഫാ. വർഗീസ് വർഗീസ്, പ്രഫ. ഇട്ടി വർഗീസ് എന്നിവർ പ്രസംഗിക്കും. 22നു രാവിലെ 6.30 ന് കുർബാന, വൈകുന്നേരം 6.30ന് ഗാന ശുശ്രൂഷ, ഫാ. ജോൺ ടി. വർഗീസ് പ്രസംഗിക്കും. തുടർന്ന് ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകും.
23 ന് രാവിലെ രാവിലെ 6.30 ന് പ്രഭാത നമ സ്കാരം, തുടർന്ന് കൊടിയിറക്ക്, ആശീർവാദം. ജനറൽ കൺവീനർ ഫാ. ജോർജ് ഡേവിഡ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഫാ. സിനോയ് ടി. തോമസ്, ജനറൽ സെക്രട്ടറി ജോയിതോമസ്, ഐവാൻ വകയാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
District News
മൂഴിയാർ: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണ പുരോഗതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലാ സന്ദര്‍ശനത്തിന്റെ ഭാഗമായി സീതത്തോട് പഞ്ചായത്തിലെ സായിപ്പന്‍കുഴി, മൂഴിയാർ, ഗവി ഗോത്ര വര്‍ഗ ഉന്നതികളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന് ചെയര്മാന് ഡോ. ജിനു സഖറിയ ഉമ്മൻ, ജില്ലയുടെ ചുമതലയുള്ള അംഗം ഷീല വിജയകുമാർ, കമ്മീഷന് മെംബര്‍ സെക്രട്ടറി ബിജു ശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.
ഉന്നതികളിലെ ഗുണഭോക്താക്കളെ കമ്മീഷന് നേരില്‍ കണ്ട് ഭക്ഷ്യ ഭദ്രതാ നിയമ പ്രകാരമുള്ള പദ്ധതി ആനുകൂലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. മൂഴിയാര്‍ ഉള്‍പ്പെടെയുള്ള ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട വഴി റേഷന്‍ ആനുകൂല്യം ലഭിക്കുന്നുവെന്ന് കമ്മീഷനു ബോധ്യമായി. മൂഴിയാറില്‍ പ്രവര്‍ത്തിക്കുന്ന 100-ാം നമ്പര്‍ അങ്കണവാടി, ഗവി കൊച്ചു പമ്പയിലെ 103-ാം നമ്പര്‍ അങ്കണവാടി എന്നിവയും സന്ദര്‍ശിച്ചു. അങ്കണവാടികളില്‍ പോഷകാഹര വിതരണം ഉറപ്പാക്കി.
സെന്ററിന്റെ ചുമതലയുളള ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിശോധന നടത്താനും അങ്കണവാടികളില്‍ സ്ഥിരമായി കുട്ടികളെ എത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും നല്കി. മൂഴിയാര്‍ അങ്കണവാടി സ്മാര്‍ട്ട് അങ്കണവാടിയായി ഉയര്‍ത്താന്‍ കമ്മീഷന് ഇടപെടും.
ഉച്ചഭക്ഷണ പദ്ധതി വിലയിരുത്താന്‍ കമ്മീഷന് മൂഴിയാര്‍ സര്‍ക്കാര്‍ യുപിഎസ്, ഗവി. ജിഎല്‍പിഎസ് എന്നിവ സന്ദര്‍ശിച്ചു. ഗവിയില്‍ പ്രവര്‍ത്തിക്കുന്ന 145-ാം നമ്പര്‍ റേഷന്‍ ഡിപ്പോയുടെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ കെ. ആർ. ജയശ്രീ, ഐസി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ്, പട്ടിക വര്‍ഗവകുപ്പ് എഡിറ്റിഒ ശശിധരൻ, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ഹരീഷ് കെ. പിള്ള, ജില്ലാ നൂണ് ഫീഡിംഗ് സൂപ്പര്‍വൈസര്‍ വിജയശ്രീ, ശ്രീദേവി, റേഷനിംഗ് ഇന്‍സ്പെട്കര്‍മാർ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, വനം, പോലിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കമ്മീഷനെ അനുഗമിച്ചു.
District News
മാരാമൺ: ദൈവഹിതം അറിഞ്ഞു പ്രവർത്തിക്കുകയെന്നതാണ് മനുഷ്യരിലൂടെ ദൈവം ആഗ്രഹിക്കുന്നതെന്ന് ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത.
മാരാമൺ കൺവൻഷനിൽ ഇന്നലെ രാത്രി യോഗത്തിൽ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഉപരിപ്ലവമായ ആത്മീയതക്കപ്പുറമായി വ്യക്തിത്വരൂപീകരണം സാധ്യമാകണം. അധര്‍മം പ്രവര്‍ത്തിക്കുന്നത് ദൈവഹിതത്തിന് എതിരാണെന്ന ചിന്ത വളരണം. പ്രകൃതിയുടെ താളത്തെ തെറ്റിച്ച മനുഷ്യാവസ്ഥ വരും തലമുറയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സംരക്ഷണമാകേണ്ടവര് ഭൂമിയെ വിഷലിപ്തമാക്കുന്ന മനുഷ്യര്‍ ഇന്നിന്റെ അപമാനമാണ്.
പിഞ്ചുകുഞ്ഞുങ്ങളുടെ മുലപ്പാല്‍ പോലും ഇന്ന് വിഷലിപ്തമായിരിക്കുന്നു. ദൈവത്തിൽ നിന്നുള്ള 70 ശതമാനം സൃഷ്ടിയും ഇന്ന് ഭൂമിയില്‍ ഉണ്ടായിരിക്കുവാന്‍ സാധ്യതയില്ല. ഇതിന്റെയൊക്കെ ഉത്തരവാദി നാം തന്നെയാണെന്നും മാർ കൂറിലോസ് അഭിപ്രായപ്പെട്ടു.
District News
മാരാമൺ: ആകുലതകളും സങ്കീർണതകളും വേട്ടയാടപ്പെടുന്പോൾ ചേർത്തു നിർത്തി സ്പർശിക്കാൻ കഴിവുള്ള ഓരോ വാക്കുകളും വിടുതലിന്റെ ലോകത്തേക്ക് നയിക്കുമെന്ന് ഡോ. മ്യൂസ് മേരി ജോർജ്. മാരാമൺ കൺവൻഷനിൽ മാർത്തോമ്മാ സുവിശേഷ സേവികാസംഘം പ്രത്യേക യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു ഡോ. മ്യൂസ് മേരി.
ചില ബന്ധനങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതുവാതായനങ്ങളിലേക്ക് ക്ഷണിക്കുന്നതാണ് തിരുവചനം. ചേര്‍ത്തുവയ്ക്കലുകള്‍ വെര്‍ച്വല്‍ ലോകത്തേക്ക് മാത്രം പരിമിതപ്പെടുമ്പോള്‍ അനാഥത്വം അന്യമാക്കുന്ന, നൊമ്പരങ്ങളിലേക്കും വേദനകളിലേക്കും ഇറങ്ങിച്ചെല്ലുന്ന സ്പര്‍ശനം ഇന്നത്തെ നമ്മുടെ കടമയാണ്.
കാഴ്ചകളെ പരിമിതപ്പെടുത്തുന്ന കൂന് എന്ന അവസ്ഥയെ വിശ്വാസത്തിന്റെ ഇടപെടലുകളിലൂടെ ഈശോ സൗഖ്യമാക്കിയെങ്കിൽ സ്പർശനങ്ങള്‍കൊണ്ട് സ്നേഹത്തിന്റെ ദാരിദ്ര്യം നിര്‍മാർജനം ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. സാമൂഹിക ഇടങ്ങളിലും പരിസരങ്ങളിലും അരികുവത്കരണവും ജാതിയും മതവും സാമ്പത്തികവുമൊക്കെ അളവുകോലായി മാറുമ്പോള്‍ അത്തരത്തിലുള്ള ഉച്ചനീചത്വങ്ങളെ തുടച്ചുമാറ്റുന്ന സാമൂഹിക വിപ്ലവമാണ് സ്പര്‍ശനം.
അസാധ്യതകളുടെ ലോകത്ത് സാധ്യതകളുടെ പുതുചരിതം ചില ചേര്ത്തുനിര്ത്തലുകളിലൂടെ നമുക്ക് സാധ്യമാകണം. അതിലൂടെയാണ് യഥാർഥമായ നിവര്‍ന്ന് നില്ക്കലുകള് സാധ്യമാകുന്നതെന്ന് മ്യൂസ് മേരി ജോർജ് ചൂണ്ടിക്കാട്ടി. സേച്ഛാധിപത്യം നിറഞ്ഞ ഭരണപരിസരത്തെയും പ്രകൃതിയെയും ഭൂമിയെയും നിവര്‍ന്ന് നില്ക്കുവാന് പ്രേരിപ്പിക്കുന്ന ശബ്ദമായി നമുക്ക് മാറുവാന്‍ സാധിക്കണം.
ജീവിതത്തിന്റെ പതിവുകള്‍ വികലമാകുമ്പോള്‍ നിവര്ന്നുള്ള, നിവരുകയും ചെയ്യുന്ന ഇടപെടലുകള്‍ നമ്മുട പതിവുകളായി മാറണം. സ്ത്രീകള്‍ യഥാർഥമായ മാറ്റത്തിന്റെ ചാലകശക്തികളാണ്, നമ്മുടെ അറിവും ജ്ഞാനവും സംസാരങ്ങളിലേക്ക് സഞ്ചരിക്കണം, അതിലൂടെ കേള്‍വികളിലേക്കും വളഞ്ഞുപോയ ജീവിതങ്ങളെ താങ്ങിനിര്‍ത്തുന്ന പുതിയ വഴികളെ തുറക്കുന്ന പ്രവൃത്തികളുണ്ടാകണം.
വിശ്വാസത്തിലൂടെ ഇടങ്ങള്‍ രൂപപ്പെടണം, ആ ഇടങ്ങളില്‍ വിശ്വാസത്തിന്റെ ആഴത്തിലുള്ള വിടുതികള് സാധ്യമാകണം. കൂനിയ ജീവിതങ്ങള്‍ക്ക് അപ്പോള്‍ പുതിയ കാഴ്ചകള്‍ സാധ്യമാകും. കരച്ചില് രാപാര്‍ക്കുന്ന സന്ധ്യകളും ഒരിക്കൽപോലും ആനന്ദനദികളില് മുങ്ങിനിവരാന്‍ കഴിയാതെപ്പോകുന്ന പകലിന്റെ എരിയുന്ന നട്ടുച്ചയുടെ നിലവിളികള്‍ ഉണ്ടാകാറുണ്ട്.
ദൂരത്തുള്ള വിളികളുണ്ട്, നല്ല നീരുറവുള്ള വെള്ളം പിടിച്ചു നിര്‍ത്തുന്ന ഫലപുഷ്ടിയുള്ള മണ്ണായി മാറുകയും അതുവഴി ആനന്ദനദി ഒഴുകുകയും ചെയ്യുകയെന്നതാണ് നമ്മുടെ ലക്ഷ്യമാകേണ്ടതെന്നും ഡോ. മ്യൂസ് മേരി ജോർജ് അഭിപ്രായപ്പെട്ടു. സേവികാസംഘം പ്രസിഡന്റ് തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
District News
മാരാമൺ: മനുഷ്യന്റെ ജീവിതശൈലയിൽ രൂപപ്പെടുന്ന പാപം അവനിലെ ദൈവസാദൃശ്യത്തെ കളങ്കപ്പെടുത്തുകയും നഷ്ടപ്പെടുത്തുകയും ചെയ്യുമെന്ന് റവ. മോളോ വിൽസൺ. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഉരുത്തിരിഞ്ഞുവരുന്ന സാംസ്കാരികതയും ശൈലിയും മനുഷ്യനിലെ ദൈവിക സാരാംശം ഉരിഞ്ഞു കളയുകയാണെന്ന് റവ. മോളോ വിൽസൺ ചൂണ്ടിക്കാട്ടി. പാപം മനുഷ്യാന്തസിനെ പരിക്കേല്പിക്കുന്നു. ഒരു ഭാഗത്ത് കുപ്പത്തൊട്ടികളില്‍ മനുഷ്യന് ഭക്ഷണത്തിനായി സഞ്ചരിക്കുന്പോൾ മറ്റൊരിടത്ത് ലഹരിയുടെയും ആർഭാടത്തിന്റെയും കൂത്തരങ്ങ് മനുഷ്യന്റെ അന്തസ് നഷ്ടമാക്കുന്നു.
ആര്‍ത്തി നമ്മുടെ അന്തസും അഭിമാനവും നഷ്ടപ്പെടുത്തുകയാണ്. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ, അമാനുഷികമായ ലാഭങ്ങള്‍ക്കായി അതിവേഗം സഞ്ചരിക്കുന്ന ചുറ്റുപാടുകളില്‍ മനുഷ്യനിലെ ദൈവിക സാരാംശവും അന്തസും തിരിച്ചറിയപ്പെടണം.
ജീവിതയാത്രകളില്‍ പുതുസാധ്യതകളെ തെരയുവാന്‍ ഇടയാകണം. ജീവിത പ്രതിസന്ധികള്‍ ദൈവത്തില്‍ നിന്ന് ഓടി ഒളിക്കുവാനുള്ള മുഖാന്തിരമല്ല. അധീശത്വത്തെ ആരാധിക്കുന്ന ഈ ലോകത്തിൽ, ദൈവബോധവും നൈതിക ബോധങ്ങളും നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ നാം അശുദ്ധാത്മാവിന്റെ കൂടാരമായി മാറ്റപ്പെടുമെന്ന് റവ.മോളോ വിൽസൺ പറഞ്ഞു.
ഏകാധിപത്യത്തിന്റെ മറ്റൊരു വിവക്ഷയായി ജീവിതം മാറുന്നു. ദൈവരാജ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നാമും ആത്മാവ് ബാധിച്ചവരാണ്. സ്വയം ഹനിക്കുന്ന ജീവിത്രക്രമങ്ങള് ഇന്ന് ശക്തിപ്പെടുന്നു. നാം സ്വയം നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുമ്പോള്‍ അധികാരത്തിന് കീഴ്പ്പെടുന്ന ജീവിതയിടങ്ങള്‍ ശക്തിപ്പെടുന്നു. വ്യക്തിത്വ പ്രതിസന്ധി വിവരണത്തിന് ശേഷം പ്രവാചക അജപാലകനായി ക്രിസ്തുവിനെ പരിചയപ്പെടുത്തുന്നു. ലോകക്രമങ്ങള്ക്ക് എതിര്‍ത്ത് നില്ക്കുവാന് കഴിവുള്ള സഭയായി നാം മാറണം.
ഭൂതഗ്രസ്തന് വേദഭാഗത്തില്‍ ഭയന്നുവിറയ്ക്കുക മാത്രമല്ല, ആരാധനയുടെ ഭാവവും പ്രകടിപ്പിക്കുന്നു. അവന് ദൈവത്തെയും ദൈവഭാഷയും അറിയുന്നു. നമ്മുടെ ആരാധനരീതികളുടെ ചുവടുപ്പിടിച്ചാണ് പിശാച് നമ്മില്‍ വരുന്നത്. നമ്മുടെ ആരാധനയും പാരമ്പര്യത്തെയും ക്രമത്തും അറിയുന്ന എതിരാളി.
ഇതേ മാർഗത്തില്‍ സഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. വിവേചന ശക്തിയിലൂടെ ദൈവിക സാന്നിധ്യത്തെ തിരിച്ചറിയുന്നതിൽ ജാഗ്രത കാട്ടേണ്ട കാലഘട്ടമാണിതെന്നും റവ. മോളോ വിൽസൺ അഭിപ്രായപ്പെട്ടു. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഇന്നലെ രാത്രി യോഗത്തിൽ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രസംഗിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവരും പങ്കെടുത്തു.
District News
അടൂർ: മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തേ തുടർന്ന് ഒരാൾക്ക് വെട്ടേൽക്കുകയും
അഞ്ച് പേർക്ക് കമ്പിവടി കൊണ്ടും മറ്റും മർദനമേൽക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. അടൂർ പെരിങ്ങനാട് മേലൂട് വായനശാല ജംഗ്ഷനിൽ പ്ലാംതടത്തിൽ വീട്ടിൽ പി.എസ്.ഷൈൻ കുമാർ (37), മണക്കാല തുവയൂർ വടക്ക് ദിവ്യാ സദനത്തിൽ ജി. ദീപു (36), നൂറനാട് തത്തമുന്ന പടനിലം വൃന്ദാവനംവീട്ടിൽ ആർ.രാജേഷ് കുമാർ(36) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മണക്കാല അയണിവി നഗറിൽ ദിപിൻ മുധുവിനാണ് വെട്ടേറ്റത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സഹോദരൻ ദിലീപ് സുഹൃത്തുക്കളായ ജിജു,ശരത്, അനന്ദു, പ്രശാന്ത് എന്നിവർക്കാണ് കമ്പിവടി കൊണ്ടും മറ്റും മർദനമേറ്റത്.
മണ്ണെടുപ്പ് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രി 11ന് മണക്കാല അന്തിച്ചിറ പള്ളിമുക്ക് ഭാഗത്താണ് സംഘർഷമുണ്ടായത്. ബദാംമുക്കിനു സമീപത്തെ വസ്തുവിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ദിലീപിന്റെ സുഹൃത്തായ ജിജു ബദാമുക്കിനും പള്ളിമുക്കിനുമിടയിലുള്ള പുരയിടത്തിന്റെ ഉടമയുമായി മണ്ണെടുപ്പിനു കരാർ ഏർപ്പെട്ടിരുന്നു. എന്നാൽ ഈ സ്ഥലത്തു നിന്ന് മണ്ണെടുക്കരുതെന്ന് ദീപു ഭീഷണിപ്പെടുത്തിയതിനെ തുടർന്നുണ്ടായ വാക്കുതർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ സ്ഥലത്തു നിന്നും വാഹനത്തിൽ കടന്നു കളഞ്ഞു. തുടർന്ന് ഒട്ടേറെ സിസിടിവി കാമറകൾ നിരീക്ഷിച്ച ശേഷം കുമളിയിൽ നിന്നും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേ പിടികൂടുകയായിരുന്നു.
അടൂർ എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്ഐ അനൂപ് രാഘവൻ,ശ്യാംകുമാർ,ബൈജു അറസ്റ്റിന് നേതൃത്വം നൽകി.
District News
തിരുവല്ല: കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നുമുള്ള മധുര സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെയും കല്ലുങ്കൽ -കോട്ടയം ബസ് സർവീസിന്റെയും, ബജറ്റ് ടൂറിസം ഉല്ലാസ യാത്രകൾക്കായുള്ള ബസുകളുടെയും ഫ്ലാഗ് ഓൺ കർമം മാത്യു ടി. തോമസ് എംഎൽഎ നിർവഹിച്ചു.
നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്. സുജിത, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ശശികല ശ്രീകുമാർ, രജനി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ ബാബു കല്ലുങ്കൽ, പി.എസ്. സന്ധ്യ, പി. വൈശാഖ്, മിനി സജി,ആശ മോഹൻ, ഡിടിഒ കെ. കെ. സുരേഷ്, വി. ശ്യാം കുമാർ, പി. കെ. രവീന്ദ്രൻ, പീറ്റർ മാത്യു, സുധി ഏബ്രഹാം, വി. ഷെൽട്ടൺ, സിബിൻ കല്ലുങ്കൽ എന്നിവർ പങ്കെടുത്തു.
District News
പത്തനംതിട്ട: പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹം തേടിയെത്തിയ വിശ്വാസികൾ മഞ്ഞനിക്കരയെ ഭക്തിസാന്ദ്രമാക്കി.
വിവിധ മേഖലകളിൽ നിന്നുള്ള തീർഥാടകരെ പെരുന്നാൾ കമ്മിറ്റി, മഞ്ഞനിക്കര മാർ സ്തേഫാനോസ് പള്ളി, സമീപ ഇടവകകൾ, ദയറാ, പൗരാവലി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഫാ എബി സ്റ്റീഫൻ , ഫാ. ജോൺ പുന്നമറ്റം, ഫാ ജോൺ കുര്യാക്കോസ്, രാജൻ ജോർജ്, അജിത്ത് കുരുവിള, അലക്സാണ്ടർ കാരക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓമല്ലൂർ കുരിശങ്കൽ വിശ്വാസികളെ സ്വീകരിച്ചു. ഹൈറേഞ്ച് - റാന്നി മേഖല, കിഴക്കൻ മേഖല, കൊല്ലം ഭദ്രാസനം തീർഥാടകരെയാണ് പ്രധാനമായും സ്വീകരിച്ചത്.
മഞ്ഞനിക്കരയിൽ നടന്ന തീർഥാടക സംഗമം ശേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജും യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുത്തു. വിവിധ അവാർഡുകളുടെ വിതരണവും സമ്മേളനാനന്തരം തീര്‍ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കബറിങ്കല്‍ അഖണ്ഡ പ്രാർഥനയും നടത്തി.
പെരുന്നാളിന്റെ സമാപനദിവസമായ മഞ്ഞനിക്കര മോര് സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തില്‍ വിശുദ്ധ കുർബാന ഉണ്ടാകും. 5.15ന് പ്രഭാത പ്രാഥന, 5.45ന് സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.
ഐസക് മാര്‍ ഒസ്ത്താത്തിയോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ സഹകാർമികരാകും. 8.30ന് പെരുന്നാൾ കുർബാനയ്ക്ക് യൽദോ മാർ തീത്തൂസ് മെത്രാപ്പോലീത്ത കാർമികനാകും. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ്, പ്രദക്ഷിണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.